വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ

മുതിർന്ന സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. പട്ടം എസ് യു ടി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘത്തിനു പുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഏഴ് സ്പെഷ്യലിസ്റ്റുകൾ അടങ്ങുന്ന സർക്കാരിന്റെ പ്രത്യേക സംഘവും വി എസിനെ ആശുപത്രിയിൽ എത്തി അദ്ദേഹത്തെ പരിശോധിച്ചു.
ഇപ്പോൾ നൽകി വരുന്ന വെൻ്റിലേറ്റർ സപ്പോർട്ട്, സിആർആർടി, ആന്റിബയോട്ടിക് തുടങ്ങിയ ചികിത്സകൾ തുടരാനും ആവശ്യമെങ്കിൽ ഉചിതമായ മാറ്റം വരുത്താനുമാണ് തീരുമാനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വി എസ്. ഈ മാസം 23-നാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ വി എസ് അച്യുതാനന്ദനെ കാണാൻ ആശുപത്രിയിൽ എത്തിയിരുന്നു. നേരിട്ട് കാണാൻ സാധിക്കാത്തതിനാൽ ഡോക്ടർമാരോടും ബന്ധുക്കളോടും ആരോഗ്യസ്ഥിതി തിരക്കിയ ശേഷം മുഖ്യമന്ത്രി മടങ്ങിയിരുന്നു.
Tag: Medical bulletin says VS Achuthanandan’s health condition remains critical