Latest News

‘ഉരുകുന്ന ഹിമാനികൾ ടൈം ബോംബുകളായി മാറുന്നു! മുന്നറിയിപ്പ്

 ‘ഉരുകുന്ന ഹിമാനികൾ ടൈം ബോംബുകളായി മാറുന്നു! മുന്നറിയിപ്പ്

ഭൂമിയുടെ താപനില ഉയരുന്നതിനനുസരിച്ച് ഹിമാനികളും കട്ടിയുള്ള ഹിമപാളികളും ഉരുകുന്നു. ഇത് സമുദ്രനിരപ്പ് വർധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് ഭൂമിയെ മുഴുവൻ ഇളക്കിമറിക്കാൻ കഴിയുന്ന അപകടകരമായ ഒരു ശൃംഖലാ പ്രതിപ്രവർത്തനത്തിന്‍റെ തുടക്കമാണിത് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ഉരുകുന്ന ഹിമാനികൾ സമുദ്രനിരപ്പ് ഉയർത്തുക മാത്രമല്ല, ലോകമെമ്പാടുമുള്ള അഗ്നിപർവ്വത സ്ഫോടനങ്ങളെ കൂടുതൽ വിനാശകരമാക്കുകയും ചെയ്യുമെന്ന് ഒരു പുതിയ പഠനം പറയുന്നു.

യുഎസ്എയിലെ വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിലെ ഗവേഷകനായ പാബ്ലോ മൊറീനോ-യാഗറും സംഘവും ആൻഡീസ് പർവതനിരകളിലാണ് ഈ ഗവേഷണം നടത്തിയത്. ഇവിടെയുള്ള മോച്ചോ-ചോഷുവെൻകോ എന്ന അഗ്നിപർവ്വതത്തെക്കുറിച്ചുള്ള ഗവേഷണത്തിന് ശേഷം, ഐസിന്‍റെ പാളികൾ നീക്കം ചെയ്യുമ്പോൾ, ഭൂമിക്കടിയിലുള്ള മാഗ്മ ചേമ്പറിലെ മർദ്ദം കുറയുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതോടെ ഈ അഗ്നിപർവ്വതങ്ങൾ കൂടുതൽ തീവ്രതയോടെ പൊട്ടിത്തെറിക്കാൻ തുടങ്ങുന്നു. ജൂലൈ 8ന് പ്രാഗിൽ നടന്ന ഗോൾഡ്‌ഷ്മിഡ് കോൺഫറൻസ് 2025ൽ ആണ് ഈ ഗവേഷണപ്രബന്ധം അവതരിപ്പിച്ചത്.

ഹിമാനികൾ ഉരുകുന്നത് കാരണം അഗ്നിപർവ്വതങ്ങൾ ഇടയ്ക്കിടെ കൂടുതൽ സ്ഫോടനാത്മകമായും പൊട്ടിത്തെറിക്കാൻ കാരണമാകും. ഇത് കാലാവസ്ഥാ വ്യതിയാനത്തെ കൂടുതൽ മോശമാക്കും. ലോകമെമ്പാടുമായി 245 സജീവ അഗ്നിപർവ്വതങ്ങൾ ഹിമാനികൾക്ക് താഴെയോ അവയുടെ അഞ്ച് കിലോമീറ്ററിനുള്ളിലോ നിലനിൽക്കുന്നു. അന്‍റാർട്ടിക്ക, റഷ്യ, ന്യൂസിലാൻഡ്, വടക്കേ അമേരിക്ക തുടങ്ങിയ പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. തെക്കൻ ചിലിയിലെ ആറ് അഗ്നിപർവ്വതങ്ങൾ ഇത്തരത്തിൽ ഉള്ളവയാണ്. ഇതിലെ മോച്ചോ-ചോഷുവെൻകോ അഗ്നിപർവ്വതത്തെയാണ് ഗവേഷകർ പഠിച്ചത്. ഹിമാനികൾ ഉരുകുന്നത് ഈ അഗ്നിപർവ്വതങ്ങളുടെ പ്രവർത്തനം വർധിപ്പിക്കുമെന്ന് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes