ഉമര്‍ ഫൈസി മുക്കത്തിന്റെ പരാമര്‍ശം; പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി കെ ബഷീര്‍
മലപ്പുറം: സാദിഖലി തങ്ങള്‍ക്കെതിരായ ഉമര്‍ ഫൈസി മുക്കത്തിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി കെ ബഷീര്‍. സമൂഹവും സമുദായവും അംഗീകരിക്കുന്നവരാണ് പാണക്കാട് കുടുംബമെന്ന് പി കെ ബഷീര്‍ പറഞ്ഞു. പാണക്കാട് കുടുംബം പൊതു നേതൃത്വമാണ്. അത് തച്ചുടക്കലാണ് ചിലരുടെ ലക്ഷ്യമെന്നും പി കെ ബഷീര്‍ പ്രതികരിച്ചു.
‘വിവരമില്ലാത്തവര്‍ പറയുന്നതിനെ കാര്യമാക്കേണ്ടതില്ല. പറയുന്നവരുടെ ഉള്ളിലെ ഈഗോയാണ് ഇങ്ങനെ പറയിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഞങ്ങള്‍ ഇവിടെയുണ്ടെന്ന് കാണിക്കാന്‍ പറയുന്നതാണ്. എല്ലാ വിഭാഗത്തിലുമുണ്ടാകും നീര്‍ക്കോലികള്‍’, പി കെ ബഷീര്‍ പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ ഉമര്‍ ഫൈസി മുക്കത്തിന്റെ പരാമര്‍ശമാണ് വിവാദങ്ങൾക്ക് തുടക്കം. മുസ്ലിം മഹല്ലുകള്‍ നിയന്ത്രിക്കേണ്ടത് മത പണ്ഡിതന്മാര്‍ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യമെന്നും ഉമര്‍ ഫൈസി മുക്കം വിമര്‍ശിച്ചിരുന്നു. മഹല്ലുകളുടെ നിയന്ത്രണമുള്ള ഖാളി സ്ഥാനം സാദിഖലി തങ്ങള്‍ ഏറ്റെടുത്തതിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. പിന്നാലെ ഉമര്‍ ഫൈസി മുക്കത്തിനെതിരെ ലീഗ് രംഗത്തെത്തുകയായിരുന്നു.
വിവാദം ചൂടുപിടിച്ചതോടെ സമസ്തയിലും ഭിന്നത രൂക്ഷമായിരിക്കുകയാണ്. പരസ്യമായി ഏറ്റുമുട്ടുകയാണ് സമസ്തയിലെ ലീഗ് അനുകൂലികളും ലീഗ് വിരുദ്ധരും. സ്വാദിഖലി തങ്ങള്‍ക്ക് എതിരെ ഉമര്‍ ഫൈസി മുക്കം പ്രസംഗിച്ച എടവണ്ണപ്പാറയില്‍ വെച്ച് തന്നെ ഉമര്‍ ഫൈസിക്ക് മറുപടി നല്‍കാന്‍ സമസ്തയിലെ ലീഗ് അനുകൂലികളുടെ നേതൃത്വത്തില്‍ സമ്മേളനം വിളിച്ചിട്ടുണ്ട്.
ഇതിനിടെ ഉമര്‍ ഫൈസിക്ക് പിന്തുണയുമായി സമസ്തയിലെ ചില മുശാവറ അംഗങ്ങള്‍ രംഗത്തെത്തി. മതവിധി പറയുന്ന പണ്ഡിതര്‍ക്ക് എതിരെ പൊലിസ് നടപടി ഖേദകരമാണെന്നും, ഉമര്‍ ഫൈസിക്ക് എതിരെ നടക്കുന്ന ദുഷ്പ്രചാരണവും അംഗീകരിക്കാന്‍ കഴിയില്ല എന്നുമാണ് സമസ്തുടെ 9 കേന്ദ്ര മുശാവറ അംഗങ്ങള്‍ സംയുക്ത പ്രസ്താവന ഇറക്കിയത്. ഉമര്‍ ഫൈസിയുടെ പ്രസ്താവനക്ക് സമസ്തയുമായി ബന്ധമില്ല എന്ന് സമസ്ത നേതൃത്വം വിശദീകരിച്ചിരുന്നു. എന്നാല്‍ ഉമര്‍ ഫൈസിക്ക് എതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ലീഗ് നേതൃത്വം.