മിനി ഫ്ലാഗ്‌ഷിപ്പാവാന്‍ ഐഫോണ്‍ 17; ക്യാമറയിലും സ്ക്രീനിലും ചിപ്പിലും അപ്‌ഗ്രേഡ് എന്ന് സൂചന

ആപ്പിളിന്‍റെ ഐഫോണ്‍ 17 സ്‌മാര്‍ട്ട്‌ഫോണ്‍ ലൈനപ്പ് പുറത്തിറങ്ങാനിരിക്കുകയാണ്. സെപ്റ്റംബര്‍ മാസത്തിലായിരിക്കും നാല് പുത്തന്‍ മൊബൈലുകള്‍ ആപ്പിള്‍ വിപണിയിലെത്തിക്കുക. ഇതിലെ സ്റ്റാന്‍ഡേര്‍ഡ് മോഡലായ ഐഫോണ്‍ 17-ല്‍ എന്തൊക്കെ ഫീച്ചറുകളായിരിക്കും ഉള്‍പ്പെടുക. ഐഫോണ്‍ 17-ന്‍റെതായി ആപ്പിള്‍ ഹബ് ലീക്ക് ചെയ്‌ത സവിശേഷതകള്‍ ചര്‍ച്ചയാവുകയാണ്.
ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിലുള്ള 6.3 ഇഞ്ച് വലിയ ഒഎല്‍ഇഡി പ്രോ-മോഷന്‍ ഡിസ്‌പ്ലെ ഉള്‍പ്പെടുമെന്ന് ആപ്പിള്‍ ഹബ് പറയുന്നു. മുന്‍ഗാമിയായ ഐഫോണ്‍ 16-നുണ്ടായിരുന്നത് 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ ഡിസ്‌പ്ലെയായിരുന്നു. ഐഫോണ്‍ 16 സ്ക്രീനിന്‍റെ റിഫ്രഷ് റേറ്റ് കുറഞ്ഞ 60Hz ഉം ആയിരുന്നു. അതായത് ഐഫോണ്‍ 17-ന്‍റെ ഡിസ്‌പ്ലെയുടെ വലിപ്പവും നിലവാരവും ഉയരുമെന്നാണ് ആപ്പിള്‍ ഹബിന്‍റെ വാദം. പുതിയ എ19 ചിപ്പിലായിരിക്കും ആപ്പിള്‍ ഐഫോണ്‍ 17 തയ്യാറാക്കുക എന്നതാണ് മറ്റൊരു അപ്‌ഡേറ്റ്. ഐഫോണ്‍ 16 നിര്‍മ്മിച്ചിരുന്നത് എ18 ചിപ്പിലായിരുന്നു. ഐഫോണ്‍ 17-ല്‍ സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ള ഫ്രണ്ട് ക്യാമറ 24 മെഗാപിക്‌സലിന്‍റെതായിരിക്കുമെന്നും പറയപ്പെടുന്നു. ഐഫോണ്‍ 16 സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ ഉള്‍പ്പെട്ടിരുന്നത് 12 എംപിയുടെ സെല്‍ഫി ക്യാമറയായിരുന്നു. ഐഫോണ്‍ 17-ല്‍ ആപ്പിളിന്‍റെ സ്വന്തം വൈ-ഫൈ 7 ചിപ് ഉള്‍പ്പെടുമെന്നും സൂചനയുണ്ട്. 25 വാട്സിന് പകരം 50 വാട്സ് മാഗ്‌സേഫ് ചാര്‍ജിംഗ് സൗകര്യം ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ ഇടംപിടിക്കുമെന്നതാണ് ആപ്പിള്‍ ഹബിന്‍റെ മറ്റൊരു അവകാശവാദം.
നാല് സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകളാണ് ഐഫോണ്‍ 17 ശ്രേണിയില്‍ ആപ്പിള്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബറിലായിരിക്കും ആപ്പിള്‍ ഐഫോണ്‍ 17 സീരീസ് പുറത്തിറക്കുക. ഐഫോണ്‍ 17 ശ്രേണിയില്‍ ഐഫോണ്‍ 17, ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നിവയാണുണ്ടാവുക. ഇതിലെ എയര്‍ മോഡല്‍ പഴയ പ്ലസ് വേരിയന്‍റിന് പകരമെത്തുന്ന സ്ലിം ഫോണായിരിക്കും. ഐഫോണ്‍ 17 എയറിലും 50 വാട്‌സിന്‍റെ മാഗ്‌സേഫ് ചാര്‍ജിംഗ് വരുമെന്ന് സൂചനയുണ്ട്.