സൂംബ ലഘുവ്യായാമം കുട്ടികളില്‍ മാനസികവും ശാരീരികവുമായ ഉന്മേഷം വളര്‍ത്തും – വി.ശിവന്‍കുട്ടി

കോഴിക്കോട്: സൂംബ പദ്ധതിയെക്കുറിച്ചുള്ള സർക്കാർ നിലപാട് വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആര്‍.ടി.ഇ നിയമപ്രകാരമുള്ള പഠനപ്രക്രിയകളിൽ കുട്ടികൾ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്നും ഇവയിൽ അൽപവസ്ത്രധാരണത്തിന് ഒരിടവും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളിൽ നടപ്പാക്കുന്നത് ലഘുവ്യായാമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കായിക വിനോദങ്ങളിൽ പങ്കെടുക്കുന്നത് കുട്ടികളിൽ ശാരീരികവും മാനസികവുമായ ഉന്മേഷം, ആരോഗ്യം, പോസിറ്റീവ് ചിന്താഗതികൾ എന്നിവ വികസിപ്പിക്കാൻ സഹായകരമാണെന്ന് മന്ത്രി പറഞ്ഞു. സൂംബ പോലുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ പഠനത്തെയും വ്യക്തിത്വവികാസത്തെയും മെച്ചപ്പെടുത്തുന്നതിൽ സഹായിക്കുന്നു. സംസ്ഥാനത്തെ പതിനാലായിരത്തോളം സ്‌കൂളുകളിൽ 90 ശതമാനത്തിലധികം സ്‌കൂളുകളിൽ സൂംബ ഉൾപ്പെടെയുള്ള കായിക പ്രവർത്തനങ്ങൾ സജീവമായി നടക്കുകയാണ്. ഇത്തരം ആരോഗ്യപരമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.