Latest News

അമ്മ തിരഞ്ഞെടുപ്പ്: പിന്തുണ ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ

 അമ്മ തിരഞ്ഞെടുപ്പ്: പിന്തുണ ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ

അമ്മ ഭാരവാഹി തിരഞ്ഞെടുപ്പിൽ മുതിർന്ന താരങ്ങളുടെയടക്കം പിന്തുണ ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ. ചരിത്രത്തിൽ ഏറ്റവുമധികം നോമിനേഷനുകളുള്ള കടുത്ത മത്സരം തന്നെ ഇത്തവണ നടക്കുമെന്നുറപ്പാണ്. ആറ് പേർ മത്സരരംഗത്തുള്ള പ്രസിഡന്റ് സ്ഥാനത്തേക്കാണ് വാശിയേറിയ പോരാട്ടം. മുതിർന്ന താരങ്ങളായ മോഹൻ ലാലിന്‍റെയും മമ്മൂട്ടിയുടെയും പിന്തുണ ജഗദീഷിനുണ്ടെന്നാണ് സൂചന.

ശ്വേത മേനോൻ അടക്കമുള്ള മറ്റ് സ്ഥാനാർത്ഥികളും പരമാവധി പിന്തുണ ഉറപ്പിക്കാനുള്ള ശ്രമം തുടങ്ങി. ആരോപണ വിധേയരായ സ്ഥാനാർത്ഥികൾ മത്സരരംഗത്ത് നിന്ന് മാറി നിൽക്കണമെന്ന ആവശ്യം അനൂപ് ചന്ദ്രനും ആസിഫ് അലിയും അടക്കമുള്ളവർ പരസ്യമായി വ്യക്തമാക്കിയിരുന്നു. അതേസമയം ബാബുരാജും ജയന്‍ ചേര്‍ത്തലയും അടക്കമുള്ള മുന്‍ ഭരണസമിതിയിലെ അംഗങ്ങള്‍ ഇപ്രാവശ്യവും മത്സരിക്കാന്‍ തീരുമാനിച്ചതോടെ ആരോപണ വിധേയരെ മാറ്റിനിര്‍ത്തണമെന്ന അഭിപ്രായവും ശക്തമായി സംഘടനകത്തുള്ള അംഗങ്ങള്‍ തന്നെ ഉന്നയിക്കുന്നുണ്ട്.നടന്‍ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്. നടി നവ്യാ നായര്‍ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും അന്‍സിബ ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കും.

വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെ അമ്മ ഭരണസമിതി രാജിവച്ച് ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് വാശിയേറിയ പോരാട്ടത്തിലേക്കാണ് നീങ്ങുന്നത്. മത്സരരംഗത്തേക്കില്ല എന്ന് മോഹന്‍ലാല്‍ അറിയിച്ചതിന് പിന്നാലെ ആറ് പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയത്. ജഗദീഷ്, ശ്വേതാ മേനോന്‍, രവീന്ദ്രന്‍, ദേവന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍ എന്നിവരാണ് പ്രസിഡണ്ട് സ്ഥാനത്ത് മത്സര രംഗത്തുള്ളവര്‍. ജയന്‍ ചേര്‍ത്തല, കുക്കു പരമേശ്വര്‍, ബാബുരാജ്, അനൂപ് ചന്ദ്രന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുക. നടന്‍ ജോയ് മാത്യു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും പേരിലെ പ്രശ്‌നം കാരണം പത്രിക തള്ളി. കൂടുതല്‍ യുവാക്കളും സ്ത്രീകളും ഇപ്രാവശ്യം മത്സര രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes