മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നേക്കും; 3220 പേരെ മാറ്റിപ്പാർപ്പിച്ചു

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നേക്കും. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള മുന്നൊരുക്കങ്ങള്‍ പൂർത്തിയായി. അണക്കെട്ടിലെ ജലനിരപ്പ് 135.60 അടി എത്തിയിട്ടുണ്ട്. അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്ന സാഹചര്യത്തിൽ സമീപത്ത് താമസിക്കുന്ന 883 കുടുംബങ്ങളിലെ 3220 പേരെ മാറ്റിപ്പാർപ്പിക്കാൻ വെള്ളിയാഴ്ച ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. പകല്‍സമയത്ത് മാത്രമേ ഡാം തുറക്കാവൂ എന്ന് കളക്ടർ തമിഴ്നാടിനോട് ഉത്തരവിട്ടു. ജലനിരപ്പ് ഉയര്‍ന്നതോടെ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്.