‘ജന്മഭൂമിയിൽനിന്നും അകലെയാണെങ്കിലും ജനങ്ങളുടെ മനസ്സിന്റെ ഏറ്റവും അരികിലാണ്’; ശുഭാംശുവുമായി സംസാരിച്ച് പ്രധാനമന്ത്രി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുമായി തത്സമയം സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹിരാകാശ നിലയത്തിൽനിന്ന് വിഡിയോ സ്ട്രീമിങ്ങിലൂടെയാണ് ഇരുവരും സംസാരിച്ചത്. ബഹിരാകാശത്തിൽ ഇന്ത്യൻ പതാക വീണ്ടും പാറിച്ചതിൽ അഭിനന്ദിക്കുന്നെന്ന് ശുഭാംശുവിനോടു നരേന്ദ്ര മോദി പറഞ്ഞു. ശുക്ലയുടെ നേട്ടങ്ങളില്‍ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിക്കുകയും ബഹിരാകാശ നിലയത്തില്‍ ചെയ്യാനൊരുങ്ങുന്ന ശാസ്ത്ര ദൗത്യങ്ങളെ കുറിച്ചും മറ്റും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. ”ശുഭാംശു താങ്കളിപ്പോൾ ജന്മഭൂമിയിൽനിന്നും ഭാരതഭൂമിയിൽനിന്നും വളരെ അകലെയാണെങ്കിലും ഭാരതത്തിലെ ജനങ്ങളുടെ മനസ്സിന്റെ ഏറ്റവും അരികിലാണ്.” പ്രധാന മന്ത്രി പറഞ്ഞു. ഇത് ഞാന്‍ ഒറ്റയ്ക്കുള്ള യാത്രയല്ല മറിച്ച് നമ്മുടെ രാജ്യത്തിന്റെ യാത്രയാണ് പ്രധാനമന്ത്രിക്ക് നല്‍കിയ മറുപടിയില്‍ ശുക്ല പറഞ്ഞു. ബഹിരാകാശത്തിൽ തന്റെ അനുഭവങ്ങളും ശുക്ല പങ്കുവച്ചു.