നവീൻബാബു, മുഖ്യമന്ത്രിയുടെ ഗുഡ്ബുക്കിലും ഇടംപിടിച്ച ഉദ്യോഗസ്ഥൻ
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ അഴിമതി ആരോപണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന് കണ്ണീരോടെയാണ് കേരളം കഴിഞ്ഞ ദിവസം അന്ത്യയാത്ര നല്‍കിയത്.
ഒരുമിച്ച് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്ന നവീന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ്ബുക്കിലും ഇടംപിടിച്ചിരുന്നു. കണ്ണൂരില്‍ നിയമിതനായ നവീന്‍ കുറഞ്ഞകാലം കൊണ്ടു തന്നെ ഗുഡ്ബുക്കില്‍ ഇടംപിടിക്കുകയായിരുന്നു. സമാന രീതിയില്‍ റവന്യൂവകുപ്പിനും പ്രിയപ്പെട്ടയാളായിരുന്നു നവീന്‍.കണ്ണൂര്‍ ജില്ലയില്‍നിന്ന് റവന്യുമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫീസുകളില്‍ ലഭിച്ചിരുന്ന റവന്യു സംബന്ധമായ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ അദ്ദേഹം കാണിച്ച വൈദഗദ്യവും ഇതിന് മുതല്‍കൂട്ടായി. അതുകൊണ്ട് സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റാനും മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും ഓഫീസിന് മടിയായിരുന്നു. പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റത്തിന് പലതവണ അപേക്ഷ നല്‍കിയിട്ടും ആവശ്യം നടക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെയും റവന്യുമന്ത്രിയുടെയും ഓഫീസുകളില്‍ നേരിട്ടെത്തി ആവശ്യപ്പെട്ടതോടെയാണ് സ്ഥലം മാറ്റം ശരിയായത്.
ആര്‍ഡിഒ, എഡിഎം, ഡെപ്യൂട്ടി കളക്ടര്‍ തുടങ്ങി ഉന്നത തസ്തികകള്‍ക്ക് യോഗ്യരായവരുടെ പട്ടിക റവന്യുമന്ത്രി കെ രാജന്‍ നേരിട്ട് തയ്യാറാക്കിവെച്ചിരുന്നു. പ്രവര്‍ത്തന മികവും റവന്യു നിയമങ്ങളിലെ അറിവും ഉള്‍പ്പെടെ അഴിമതിരഹിതര്‍ എന്ന് അറിയപ്പെടുന്നവരെ ഉള്‍പ്പെടുത്തിയായിരുന്നു പട്ടിക തയ്യാറാക്കിയത്. ഇതുപ്രകാരമാണ് നിയമനം നല്‍കിയിരുന്നതും. ഈ പട്ടികയിലും നവീന്‍ ബാബു ഉള്‍പ്പെട്ടിരുന്നു.തുടര്‍ന്നാണ് നവീന്‍ എഡിഎം തസ്തികയില്‍ തുടര്‍ന്നത്. എഡിഎമ്മായ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മികച്ച ഉദ്യോഗസ്ഥനെന്ന സത്പേരും മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തിന് നല്‍കി.