നവീൻ ബാബുവിന്റെ ആത്മഹത്യ; പി പി ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി പി ദിവ്യക്ക് ഇന്ന് നിർണായകം. ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് വിശദവാദം നടക്കും. ജാമ്യം അനുവദിക്കരുതെന്നാണ് നവീന്റെ കുടുംബത്തിന്റെ ആവശ്യം. കോടതിയിൽ പൊലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കും. എഡിഎം കുറ്റസമ്മതം നടത്തിയെന്ന കളക്ടറുടെ മൊഴി പ്രതിഭാഗം കോടതിയിൽ ഉന്നയിക്കും.
ദിവ്യയെ ചോദ്യം ചെയ്തതിന് പിന്നാലെയുള്ള ജാമ്യഹർജിയിൽ പ്രോസിക്യൂഷൻ വാദവും വളരെ നിർണായകമാകും. നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചതിൽ ഗൂഢാലോചനയില്ലെന്നാണ് പി പി ദിവ്യ പൊലീസിനോട് പറഞ്ഞത്. പെട്രോൾ പമ്പുമായി ബന്ധമില്ലെന്നും ദിവ്യ വ്യക്തമാക്കി. പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്നും അവർ മൊഴി നൽകിയിരുന്നു.
യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു നവീൻ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയിൽ ഈ രീതിയിൽ പ്രവർത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
എന്നാൽ നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു റവന്യൂ വകുപ്പിന്റെ റിപ്പോർട്ട്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നും റവന്യൂ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞുവെന്ന കളക്ടറുടെ മൊഴിയും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ എന്ത് ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നില്ല. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് റവന്യൂ മന്ത്രി കെ രാജൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിരുന്നു.