‘നയന്‍താര: ബി യോണ്ട് ദ് ഫെയ്റിടെയ്ല്‍’ വീണ്ടും നിയമക്കുരുക്കിൽ

നയൻതാരയുടെ ജീവിതകഥയെ ആസ്പദമാക്കി പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ‘നയന്‍താര: ബി യോണ്ട് ദ് ഫെയ്റിടെയ്ല്‍’ വീണ്ടും നിയമക്കുരുക്കിൽ.
മുൻപ് ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചുവെന്നാരോപിച്ച് ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കള്‍ മാസങ്ങള്‍ക്ക് മുൻപ് നയന്‍താരയ്ക്കും നെറ്റ്ഫ്ലിക്സിനും നോട്ടീസ് അയച്ചത്. ഇപ്പോഴിതാ ചന്ദ്രമുഖിയുടെ പകര്‍പ്പകവകാശം കൈവശമുള്ള എപി ഇന്റര്‍നാഷണൽ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ഡോക്യുമെന്ററി നിര്‍മാതാക്കളായ ടാര്‍ക് സ്റ്റുഡിയോസ്, നെറ്റ്ഫ്ലിക്സ് എന്നിവരോട് ഹൈക്കോടതി ആവശ്യപ്പെട്ടത്.
ദൃശ്യങ്ങള്‍ നീക്കം ചെയ്യാനും അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമുള്ള മുന്‍കാല നിയമപരമായ അറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ അനുമതിയില്ലാതെ ഉപയോഗിച്ചതായാണ് കമ്പനി പറയുന്നത്. തര്‍ക്കത്തിലുള്ള ദൃശ്യങ്ങള്‍ നീക്കം ചെയ്യാനുള്ള കോടതി നിര്‍ദേശവും കൂടാതെ ഡോക്യുമെന്ററിയില്‍ നിന്ന് ലഭിച്ച വരുമാനം വെളിപ്പെടുത്താനും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
കേസ് പരിഗണിക്കുന്ന ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി ഡോക്യുമെന്ററിയുടെ നിര്‍മാതാക്കളായ ടാര്‍ക് സ്റ്റുഡിയോസിനും അതിന്റെ ആഗോള വിതരണക്കാരായ നെറ്റ്ഫ്ലിക്സിനും നോട്ടീസ് അയച്ചു. മുൻപ് നാനും റൗഡി താന്‍ ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിന് പകര്‍പ്പവകാശ ലംഘനത്തിന് നടന്‍ ധനുഷിന്റെ കമ്പനിയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.
ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് എന്‍ഒസി നല്‍കാത്തതുമായി ബന്ധപ്പെട്ട് ധനുഷിനെതിരേ നയന്‍താര പോസ്റ്റിട്ടത് വലിയ വിവാദങ്ങള്‍ക്കാണ് കാരണമായിരുന്നു. നവംബര്‍ 18-നാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയത്.
Tag: ‘Nayanthara: Beyond the Fairytale’ in legal trouble again