നീറ്റ് യുജി ഫലം: 109 റാങ്ക് നേടിയ ദീപ്നിയ കേരളത്തിൽ നിന്ന് ഒന്നാമത്

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരളത്തിൽ നിന്ന് 73,328 വിദ്യാർത്ഥികൾക്ക് യോഗ്യത ലഭിച്ചു. അഖിലേന്ത്യാ റാങ്ക് പട്ടികയിൽ 109ാം സ്ഥാനത്തെത്തിയ ദീപ്നിയക്കാണ് കേരളത്തിൽ നിന്ന് ഒന്നാം സ്ഥാനം. അഖിലേന്ത്യാ തലത്തിൽ ആദ്യ 20 പെൺകുട്ടികളുടെ പട്ടികയിലും ദീപ്നിയയ്ക്ക് സ്ഥാനം ലഭിച്ചിട്ടുണ്ട്.
രാജസ്ഥാൻ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. മധ്യപ്രദേശ് സ്വദേശി ഉത്കർഷ് അവാധിയയ്ക്കാണ് രണ്ടാം റാങ്ക്. മഹാരാഷ്ട്ര സ്വദേശി കൃഷാംഗ് ജോഷിയാണ് മൂന്നാം സ്ഥാനം നേടിയത്. ആദ്യ നൂറ് റാങ്കുകളിൽ മലയാളികൾ ഇടം നേടിയില്ല.
22.7 ലക്ഷം വിദ്യാർത്ഥികൾക്ക് വേണ്ടി ഇന്ത്യയിലുടനീളമുള്ള 557 നഗരങ്ങളിലെ 4,750 പരീക്ഷാ കേന്ദ്രങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലും ചേർന്നാണ് നീറ്റ് യുജി പരീക്ഷ മേയ് 4-നു നടന്നത്.