നിമിഷപ്രിയയുടെ മോചനം; നിലപാട് ശക്തമാക്കി തലാലിന്റെ കുടുംബം

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനശ്രമങ്ങളിൽ തിരിച്ചടിയായി ഏകോപനമില്ലാത്ത പ്രചാരണങ്ങളും വീഡിയോകളും. ഏറ്റവുമൊടുവിൽ നിമിഷപ്രിയ ഉടൻ മോചിതയാകുമെന്ന ഇവാഞ്ചലിസ്റ്റ് ഡോ. കെ എ പോളിന്‍റെ വീഡിയോയാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ പ്രകോപിപ്പിച്ചത്. അവകാശവാദം തലാലിന്റെ സഹോദരൻ നിഷേധിച്ചു.
ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ എ പോളാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നും ഉടൻ മോചിതയാകുമെന്നും വീഡിയോ പുറത്തുവിട്ടത്. രേഖകളോ തെളിവുകളുടെ പിൻബലമോ ഇല്ലാതെയായിരുന്നു ഇത്. എല്ലാം വ്യാജ വാർത്തയെന്നും ശിക്ഷ നടപ്പാക്കുന്നതാണ് ഞങ്ങൾ കാത്തിരിക്കുന്നതെന്നും തലാലിന്റെ സഹോദരൻ അബ്ദുൽഫത്താ മെഹദി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതിന് പിന്നാലെ ഇടപെട്ട ഓരോരുത്തരും തമ്മിൽ തുടങ്ങിയ അവകാശ വാദ തർക്കങ്ങൾ ഓരോന്നും നിഷേധിച്ച് സഹോദരൻ രംഗത്ത് വന്നിരുന്നു. ഓരോ വാർത്തയും അത്ര കൃത്യമായാണ് നിരീക്ഷിക്കുന്നത്. ആരുമായും നേരിട്ട് ചർച്ച നടത്തിയിട്ടില്ലെന്നതും പണത്തിന് വേണ്ടി വിട്ടുവീഴ്ച്ച ചെയ്യില്ലെന്നതുമാണ് നിലപാട്. ചുരുക്കത്തിൽ സഹോദരനുമായി നേരിട്ട് ഇടപെടാൻ നിലവിൽ രംഗത്തുവന്ന ആർക്കും കഴിഞ്ഞില്ലെന്നതാണ് സ്ഥിതി. ഇത് തുടർന്നുള്ള ചർച്ചകളെ ബാധിക്കുമോയെന്നതാണ് ആശങ്ക.