Latest News

യുപിഐ ഇടപാടുകൾക്ക് ജിഎസ്ടിയില്ല; വ്യാജവാർത്തകൾക്ക് അന്ത്യം പറയുന്നു കേന്ദ്രം

 യുപിഐ ഇടപാടുകൾക്ക് ജിഎസ്ടിയില്ല; വ്യാജവാർത്തകൾക്ക് അന്ത്യം പറയുന്നു കേന്ദ്രം

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്‌ടി ഈടാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. ജിഎസ്ടി സംബന്ധിച്ച തീരുമാനം ജിഎസ്ടി കൗൺസിലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി. ഇതുവരെ ഇത്തരമൊരു ശുപാർശ ജിഎസ്ടി കൗൺസിലിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യസഭാംഗമായ അനിൽ കുമാർ യാദവിന്റെ ചോദ്യത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി കൗൺസിൽ കേന്ദ്രം, സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെട്ട ഭരണഘടനാ സ്ഥാപനമാണെന്നും അതിന്റെ ശുപാർശ ഇല്ലാതെ ജിഎസ്ടി ബാധകമാവില്ലെന്നും സഹമന്ത്രി പറഞ്ഞു. ഇപ്പോൾ നിലവിലുള്ള സാഹചര്യത്തിൽ, വ്യക്തികളേക്കുറിച്ചോ (പിയർ ടു പിയർ – P2P), അല്ലെങ്കിൽ വ്യക്തിയും വ്യാപാരിയും തമ്മിലുള്ള (പിയർ ടു മർച്ചന്റ് – P2M) യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ബാധകമല്ല. ഇടപാടിന്റെ തുക എത്രയായാലും ജിഎസ്ടി ഈടാക്കുന്നില്ല. എന്നാൽ, പേയ്‌മെന്റ് ഗേറ്റ്വേ അല്ലെങ്കിൽ അഗ്രഗേറ്റർ സേവന നിരക്കുകൾ ഈടാക്കുന്നുണ്ടെങ്കിൽ, ആ സേവന നിരക്കിന് മാത്രം ജിഎസ്ടി ബാധകമായിരിക്കും.

കഴിഞ്ഞ വർഷം, 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 18% ജിഎസ്ടി ഈടാക്കാനുളള നിർദ്ദേശം ഉൾപ്പെടെ ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇതുവരെ ജിഎസ്ടി കൗൺസിൽ അതിനേക്കുറിച്ച് ശുപാർശ ചെയ്തിട്ടില്ല. ഇതോടൊപ്പം തന്നെ, 2024 ഏപ്രിലിൽ കൂടി കേന്ദ്ര ധനമന്ത്രാലയം വിശദീകരിച്ചതാണ് – 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാരിന് യാതൊരു ഉദ്ദേശവുമില്ല. വ്യക്തികളിൽ നിന്ന് വ്യാപാരികളിലേക്ക് നടക്കുന്ന പേയ്‌മെന്റുകൾക്കും ജിഎസ്ടി ബാധകമല്ല. 2019 ഡിസംബറിൽ തന്നെ, മർച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ് (MDR) എന്ന ഇടപാട് ഫീസ് സർക്കാർ നീക്കം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes