പരിപാലന കരാറില്ല, മേൽനോട്ടവുമില്ല; സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നശിക്കുന്നു

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ലക്ഷക്കണക്കിന് രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗശൂന്യമെന്ന് വിവരാവകാശ രേഖ. കൊവിഡ് കാലത്ത് പി എം കെയർ ഫണ്ട് ചിലവാക്കി വാങ്ങിയ വെന്റിലേറ്ററുകളെല്ലാം ചുരുങ്ങിയ സമയത്തിൽ ഉപയോഗശൂന്യമായെന്നാണ് മെഡിക്കൽ കോളേജുകൾ വ്യക്തമാക്കുന്നത്. നിർമ്മാണ കമ്പനിയുമായി പരിപാലനത്തിന് മെഡിക്കൽ കോളേജുകൾ കരാർ സൂക്ഷിക്കാത്തതും മേൽനോട്ടക്കുറവുമാണ് ഉപകരണങ്ങൾ ജീവനറ്റ് പോകുന്നതിന് പ്രധാന കാരണം.
കോഴിക്കോട് മെഡിക്കൽ കോളേജ് മാർച്ച് മാസത്തിലെ കണക്കുകൾ പ്രകാരം പി എം കെയർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 40വെന്റിലേറ്ററുകൾ പ്രവർത്തിക്കുന്നില്ല. കൊവിഡ് സമയത്ത് 2020 ജൂലൈ മാസത്തിൽ എത്തിച്ചതാണ്. സ്കാൻ റേ നിർമ്മാണ കമ്പനി, ഭാരത് ഇലക്ട്രോണിക്സാണ് വിതരണക്കാർ. 2023 മുതൽ വെന്റിലേറ്ററുകൾ പ്രവർത്തിക്കുന്നില്ല. കൊവിഡ് രോഗികൾക്കായി എത്തിച്ചതാണ്. തകരാർ കാരണം നിലവിൽ ഗുരുതര രോഗികൾക്ക് ഈ വെന്റിലേറ്റർ ഉപയോഗിക്കാൻ ഡോക്ടർമാർക്ക് ആത്മവിശ്വാസമില്ല. മൊബൈൽ എക്സ് റേ യൂണിറ്റ് 2.5 ലക്ഷം രൂപ ചിലവിട്ട് വാങ്ങിയത്. നിർമ്മാണ കമ്പനി തിരിഞ്ഞ് നോക്കാതെ വന്നതോടെ എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിന്റെ മറുപടി.
ഇവിടത്തെ പോർട്ടബിൾ വെന്റിലേറ്റർ 1,36000 രൂപ മുതൽ മുടക്കി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സ്ഥാപിച്ചതാണ്. എന്നാൽ ഏപ്രിലിൽ പണി മുടക്കി. കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ പരാതി നൽകി കാത്തിരിക്കുയാണ് മെഡിക്കൽ കോളേജ്. ഇവിടെ 2021ൽ പി എം കെയർ ഫണ്ട് ചിലവിട്ട് വാങ്ങിയ അവ കമ്പനിയുടെ പോർട്ടബിൾ വെന്റിലേറ്ററും അതേ വർഷം നിശ്ചലമായിരുന്നു. പി എം കെയർ ഫണ്ട് വഴി സ്ഥാപിച്ച യൂണിറ്റുകൾ പലയിടത്തും പ്രവർത്തിക്കുന്നില്ലെന്നാണ് മെഡിക്കൽ കോളേജ് തന്നെ വ്യക്തമാക്കുന്നത്.