ടൂറിസം പദ്ധതികൾ ആരംഭിച്ച് ഉത്തരകൊറിയ; കൽമ തീരദേശ വിനോദസഞ്ചാര മേഖല രാജ്യത്തിന് സമർപ്പിച്ച് കിം ജോങ് ഉൻ

ഡെമോക്രാറ്റിക് പീപ്പിൾസ് റിപബ്ലിക് ഓഫ് കൊറിയ, കമ്യൂണിസ്റ്റ് രാഷ്ട്രമാണ് ഉത്തര കൊറിയ. ഏക പാർട്ടി ഭരണം നിലനിൽക്കുന്ന ഉത്തര കൊറിയയെ പാശ്ചാത്യ രാജ്യങ്ങൾ സർവ്വാധിപത്യ രാജ്യമെന്ന് വിലയിരുത്തന്നു. കൊറിയ ഉപദ്വീപിന്റെ വടക്കു ഭാഗമാണ് ഈ രാജ്യത്തിന്റെ ഭൂമിശാസ്ത്ര സ്ഥാനം.
ഏകാധിപത്യ വിശേഷണങ്ങൾ നിറഞ്ഞു നിൽക്കുന്ന ഉത്തരകൊറിയയിൽ, ഐക്യരാഷ്ട്രസഭയുടെ ഉപരോധങ്ങൾ ബാധിക്കപ്പെടാത്ത അവശേഷിക്കുന്ന ചുരുക്കം ചില വരുമാന സ്രോതസ്സുകളിൽ ഒന്നാണ് ടൂറിസം. രാജ്യത്തിന്റെ ടൂറിസം മേഖല കരുത്ത് തെളിയിക്കുന്ന വാർത്തകളാണ് ഉത്തരകൊറിയയിൽ നിന്ന് ഇപ്പോൾ പുറത്തു വരുന്നത്. ഉത്തരകൊറിയയുടെ കിഴക്കൻ തീരത്ത് 20,000 ത്തോളം സന്ദർശകരെ ഉൾക്കൊള്ളാൻ കഴിയുന്ന വോൺസാൻ കൽമ തീരദേശ വിനോദസഞ്ചാര മേഖല ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ രാജ്യത്തിന് സമർപ്പിച്ചിരിക്കുകയാണ്. തീരദേശ വിനോദസഞ്ചാര മേഖലയിലേക്കുള്ള യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ള സൗകര്യം ഉറപ്പാക്കുന്നതിനാണിത്. കൽമ ബീച്ച് റിസോർട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തായതിനാൽ വിദേശ കറൻസി ആകർഷിക്കുക എന്നതും പദ്ധതിയുടെ മറ്റൊരു ലക്ഷ്യമാണ്.
രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസി കെസിഎൻഎയുടെ റിപ്പോർട്ട് പ്രകാരം, വാട്ടർ പാർക്കുകൾ, ബഹുനില ഹോട്ടലുകൾ, 54 ഹോട്ടലുകൾ, സിനിമ, ബിയർ പബ്ബുകൾ, ഏകദേശം 20,000 അതിഥികൾക്ക് താമസ സൗകര്യം എന്നിവ റിസോർട്ടിൽ ഉൾപ്പെടുന്നു.ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി കിം ജോങ് ഉൻ മുന്നോട്ട്‌വെച്ച പ്രധാന പദ്ധതിയാണിത്. രാജ്യത്ത് കൂടുതൽ വിനോദസഞ്ചാര മേഖലകൾ നിർമിക്കുമെന്ന് വിനോദസഞ്ചാര മേഖലയുടെ ഉദ്ഘാടന ചടങ്ങിൽ കിം ജോങ് ഉൻ പറഞ്ഞതായി കെസിഎൻഎ വാർത്താ ഏജൻസി അറിയിച്ചു. തദ്ദേശവാസികളുടെ അവധിക്കാല കേന്ദ്രമായ വോൺസാൻ കടൽത്തീരം ഉത്തരകൊറിയ പുനർനിർമിച്ചുവരികയാണ്. 2014 ലാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നത്.
ജൂലൈ 1 മുതൽ ആഭ്യന്തര അതിഥികൾക്കായി മേഖല തുറക്കുമെന്ന് കെസിഎൻഎ പറഞ്ഞു. എന്നാൽ ആർക്കൊക്കെയാകും പ്രവേശനം എന്ന കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.കിമ്മിന്റെ സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിൽ, ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപെട്ടു നിൽക്കുന്ന ഉത്തരകൊറിയ റഷ്യയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. അതിന്റെ തെളിവായിരുന്നു ഉദ്ഘാടന വേളയിലെ റഷ്യൻ അംബാസഡറുടെ സാന്നിധ്യം. ചരിത്രപരമായി പ്രാധാന്യമുള്ള തുറമുഖ നഗരമായ വോൺസാനെ സാമ്പത്തിക, വിനോദ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികൾ 2013 ലാണ് ആദ്യമായി പ്രഖ്യാപിച്ചത്. ഉത്തരകൊറിയയുടെ ആണവ, മിസൈൽ പദ്ധതികളെ ലക്ഷ്യമിട്ടുള്ള പകർച്ചവ്യാധിയും അന്താരാഷ്ട്ര ഉപരോധങ്ങളും കാരണം പദ്ധതി പലതവണ വൈകി.
2024-ൽ യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് കിമ്മിന്റെ ഭരണത്തിൻ കീഴിലുള്ള ഉത്തരകൊറിയയെ “ശ്വാസംമുട്ടിക്കുന്നതും ക്ലസ്ട്രോഫോബിക് അന്തരീക്ഷവും, ജീവിതം പ്രതീക്ഷയില്ലാത്ത ദൈനംദിന പോരാട്ടവുമാണ്” എന്ന് വിശേഷിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം, റഷ്യൻ വിനോദസഞ്ചാരികളുടെ ചെറിയ സംഘങ്ങൾ മൂന്ന് ദിവസത്തെ ഉത്തര കൊറിയ സന്ദർശനം നടത്തിയിരുന്നു. 2013 ഡിസംബറിൽ തുറന്നതുമുതൽ വളരെക്കാലമായി വിനോദസഞ്ചാരികളുടെ ആകർഷണമായി നിലനിൽക്കുന്ന മസ്കിരിയോങ് റിസോർട്ട് ഇവിടെയുണ്ട്. ഉത്തര കൊറിയയിലെ എല്ലാ വിനോദസഞ്ചാര അനുഭവങ്ങളെയും പോലെ ഇവയും സർക്കാർ കർശനമായി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്നു.
എന്ത് ഫോട്ടോ എടുക്കാം, എന്ത് ഫോട്ടോ എടുക്കരുത് എന്നതിനെക്കുറിച്ച് കർശനമായ നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും, ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് പുറമേ ഉത്തരകൊറിയൻ കുട്ടികളുടെ നൃത്തരൂപം കാണേണ്ടതാണെന്നും തിരിച്ചെത്തിയ വിനോദസഞ്ചാരികൾ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.
2020 ന് ശേഷം റഷ്യയും ഉത്തരകൊറിയയും തമ്മിൽ ട്രെയിൻ സർവീസുകൾ ആരംഭിച്ചിരുന്നു. മോസ്‌കോയിൽ നിന്ന് സിയോളിലേയ്ക്കുള്ള പാസഞ്ചർ ട്രെയിൻ സർവീസ് പുനരാരംഭിച്ചുകൊണ്ട് ടൂറിസം മേഖലയിലെ സഹകരണം വിപുലീകരിക്കുക എന്നതായിരുന്നു ഇരുരാജ്യങ്ങളുടെയും ലക്ഷ്യം.
1990-കളുടെ അവസാനത്തിൽ, ഉത്തരകൊറിയയുടെ തെക്കുകിഴക്കൻ തീരത്തുള്ള മനോഹരമായ മൗണ്ട് കുംഗാങ് പ്രദേശം ദക്ഷിണ കൊറിയയിൽ നിന്നുള്ള സന്ദർശകർക്കായി തുറന്നു കൊടുത്തിരുന്നു. അന്തർ കൊറിയൻ ഇടപെടലിന്റെ അപൂർവ പ്രതീകമായിയിരുന്നു ഈ പദ്ധതി. എന്നാൽ, 2008-ൽ ഒരു നിയന്ത്രിത സൈനിക മേഖലയിലേക്ക് വഴിതെറ്റിയെത്തിയ ഒരു ദക്ഷിണ കൊറിയൻ വിനോദസഞ്ചാരിയെ ഉത്തരകൊറിയൻ സൈനികൻ വെടിവച്ചു കൊന്നതിനെത്തുടർന്ന് ഈ സംരംഭം നിലച്ചു. 2022-ൽ, അതിർത്തി കടന്നുള്ള കുടുംബ സംഗമങ്ങൾക്ക് ആതിഥേയത്വം വഹിച്ച ഒൻജോങ്ഗാക്ക് റെസ്റ്റ് ഹൗസ് ഹോട്ടൽ ഉൾപ്പെടെ നിരവധി സ്ഥലങ്ങൾ കിം ഇടപെട്ട് പൊളിച്ചുമാറ്റി. ലോകത്തിലെ ഏറ്റവും നിഗൂഢവും സ്വേച്ഛാധിപത്യ സ്വാഭാവമുള്ള രാജ്യങ്ങളിലൊന്ന് അന്താരാഷ്ട്ര ടൂറിസത്തിൽ കൂടുതൽ വിശാലമായ ഇടപെടലിന് തയ്യാറാണോ എന്നതാണ് ഇനി അറിയേണ്ടത്.
Tag: North Korea launches tourism projects; Kim Jong Un dedicates Kalma coastal tourist area to the country