കോന്നി ക്വാറി അപകടം: ഒരാള് മരിച്ചു

പത്തനംതിട്ട: കോന്നി ചെങ്കളം പാറമടയിൽ ഉച്ചയ്ക്ക് ഉണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. പാറമടയിൽ പ്രവർത്തനം നടക്കുന്നിടെയാണ് വലിയ പാറ ഹിറ്റാച്ചി യന്ത്രത്തിന്റെ മുകളിലേക്ക് ഇടിഞ്ഞുവീണത്. യന്ത്രത്തിനകത്ത് ഉണ്ടായിരുന്ന ഒഡീഷ സ്വദേശി മഹാദേവ് അപകടസ്ഥലത്തുവച്ച് മരിച്ചു.
അന്യസംസ്ഥാന തൊഴിലാളിയായ ബീഹാർ സ്വദേശി അജയ് റാവുവിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. ശക്തമായ മഴ രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമാകുന്നു. മഴയുടെ പശ്ചാത്തലത്തിൽ വലിയ പാറ വീണ്ടും ഇടിഞ്ഞുവീണതോടെ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമായി. രാത്രിയിലെ തിരച്ചിൽ താത്കാലികമായി നിർത്തിയിരിക്കുകയാണ്.
രാവിലെ ഏഴ് മണിയോടെ തിരച്ചിൽ പുനരാരംഭിക്കും. ക്വാറിക്ക് ലൈസൻസുണ്ടോയെന്നും മറ്റ് നിയമപരമായ രേഖകൾ ശരിയാണോയെന്നും പരിശോധിക്കുന്നതായി ജില്ലാകളക്ടർ അറിയിച്ചു.