മെക് സെവനെതിരെ സിപിഐഎം വിമർശനം ഉന്നയിച്ചിട്ടില്ല, വസ്തുതകൾ വഴി തിരിച്ചു വിടരുതെന്നും പി മോഹനൻ
![മെക് സെവനെതിരെ സിപിഐഎം വിമർശനം ഉന്നയിച്ചിട്ടില്ല, വസ്തുതകൾ വഴി തിരിച്ചു വിടരുതെന്നും പി മോഹനൻ](https://keralapoliticsonline.com/wp-content/uploads/2024/12/p-mohanan-850x560.jpg)
കോഴിക്കോട്: മെക് സെവനെതിരായ പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. മെക് സെവനെതിരെ സിപിഐഎം വിമർശനം ഉന്നയിച്ചിട്ടില്ലെന്നും വസ്തുതകൾ വഴി തിരിച്ചു വിടരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വ്യായാമമുറ ശീലിക്കുന്നത് രോഗമുക്തിക്ക് നല്ലതാണെന്നും അത് പ്രോത്സാഹിപ്പിക്കണമെന്നും പി മോഹനൻ പറഞ്ഞു. പൊതു വേദികളിൽ ജമാഅത്തെ ഇസ്ലാമി, സംഘപരിവാർ, പോപ്പുലർ ഫ്രണ്ട് എന്നിവർ നുഴഞ്ഞു കയറുന്നു. ഗൂഢ അജണ്ടയ്ക്ക് അത്തരം വേദികൾ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൊതുസമൂഹം ജാഗ്രത പുലർത്തണം. മതനിരപേക്ഷ ഉള്ളടക്കം തകർക്കാൻ ശ്രമം നടക്കുകയാണ്. ചിലയിടങ്ങളിൽ അത്തരക്കാർ പരിശ്രമം നടത്തുന്നതാണ് സംശയം വരാൻ കാരണം. വ്യത്യസ്ത മത വിശ്വാസികൾ മതനിരപേക്ഷ മനസ്സുള്ളവരാണ്. അവരെ തങ്ങൾക്ക് ഒപ്പം നിർത്താൻ വർഗീയ ശക്തികൾ ശ്രമം നടത്തും. ഏതെങ്കിലും മതത്തിനെ പരാമർശിച്ചിട്ടില്ലെന്നും എല്ലാ വർഗീയതയേയും ചെറുക്കുമെന്നും പി മോഹനൻ പറഞ്ഞു.
മലബാറിൽ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയായ മെക് സെവനിൽ തീവ്രവാദ ശക്തികൾ നുഴഞ്ഞുകയറിയിട്ടുണ്ട് എന്നാണ് കഴിഞ്ഞ ദിവസം പി മോഹനൻ നടത്തിയ പ്രസ്താവന. മെക് സെവനുമായി ബന്ധപ്പെട്ട പ്രസ്ഥാവനകള്‍ തിരിച്ചടി ആകുമോയെന്ന ആശയക്കുഴപ്പം സിപിഐഎമ്മിന് അകത്തുള്ളതിനാൽ പ്രതികരിക്കാൻ പാർട്ടി തയാറായിരുന്നില്ല.
സിപിഐഎം ജില്ലാ സെക്രട്ടറിയെ തള്ളി മുൻ മന്ത്രി അഹമദ് ദേവർ കോവില്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മുസ്‌ലിം ലീഗും സമാന നിലപാടാണ് മുന്നോട്ട് വെച്ചത്. അതേസമയം എ പി വിഭാഗം സമസ്തയുടെയും സിപിഐഎമ്മിൻ്റെയും നിലപാടുകളെ പൂർണ്ണമായും തള്ളുകയാണ് മെക് സെവൻ. എല്ലാജാതി മതസ്ഥരും കൂട്ടായ്മയുടെ ഭാഗമാണെന്നും മതപരമായ ഒന്നും കൂട്ടായ്മയിൽ ഇല്ലെന്നുമാണ് വിശദീകരണം.
മലബാർ മേഖലയിൽ വലിയ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയാണ് മെക് 7. 21 മിനിറ്റ് നീളുന്ന വ്യായാമ കൂട്ടായ്മയാണ് മെക് സെവൻ. മലപ്പുറം ജില്ലയിലെ തുറക്കലിലെ സൈനിക ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റൻ സലാഹുദ്ദീനാണ് ഈ വ്യായാമ രീതി പരിചയപ്പെടുത്തിയത്. 2022 ലാണ് ഈ കൂട്ടായ്മ തുടങ്ങുന്നത്. രണ്ട് വർഷത്തിനുള്ളിൽ മലബാറിൽ മെക് സെവന്റെ ആയിരത്തോളം യൂണിറ്റുകൾ വന്നു. ഇപ്പോൾ വിവാദത്തിലകപ്പെട്ടിരിക്കുന്ന മെക് 7 വ്യായായ്മ കൂട്ടായ്മക്കെതിരെ സമസ്ത എ പി വിഭാഗമാണ് ആദ്യം രംഗത്തെത്തിയത്.
മെക് സെവന് പിന്നിൽ ജമാ അത്തെ ഇസ്ലാമിയാണെന്നും മുസ്‌ലിം വിഭാഗങ്ങളെ ഭിന്നിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ സംഘടനയെന്നുമാണ് സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്‌മാൻ സഖാഫിയാണ് പറഞ്ഞത്. മെക് സെവന് പിന്നിൽ ചതിയാണ്. വിശ്വാസികൾ പെട്ടുപോകരുതെന്നും പേരോട് സഖാഫി പറഞ്ഞിരുന്നു. മെക് സെവന് പിന്നിൽ ജമാ അത്തെ ഇസ്‌ലാമിയാണ്. സുന്നി വിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. വിശ്വാസികൾ ഇത് തിരിച്ചറിയണം. വ്യായായ്മ കൂട്ടായ്മയാണെങ്കിൽ എന്തിനാണ് ഇസ്‌ലാമികമായിട്ടുള്ള സലാം ചൊല്ലുന്നത്. അത് പോലെയുള്ള കാര്യങ്ങൾ എന്തിനാണ് ഉള്ളിലൂടെ കടത്തികൊണ്ടുവരുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.