അവസാന നിമിഷം സഹതാപ തരംഗം സൃഷ്ടിച്ച് വോട്ട് നേടാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തിയതെന്ന് പി സരിന്‍
പാലക്കാട്: പാലക്കാട് വെണ്ണക്കര ബൂത്തിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍. അവസാന നിമിഷം സഹതാപ തരംഗം സൃഷ്ടിച്ച് വോട്ട് നേടാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തിയതെന്ന് പി സരിന്‍ പറഞ്ഞു. ആശുപത്രിയില്‍ പോയി രണ്ട് സ്റ്റിച്ച് ഇട്ടാലും കുഴപ്പമില്ല, വോട്ട് ലഭിച്ചാല്‍ മതി എന്നാണ് യുഡിഎഫിന്. തോല്‍വി ഉറപ്പിച്ച യുഡിഎഫിന് ഏതെങ്കിലും വിധത്തില്‍ സഹതാപ വോട്ട് ലഭിക്കണം. അതിന് വേണ്ടി മനപൂര്‍വം സൃഷ്ടിച്ച സംഘര്‍ഷമാണ് വെണ്ണക്കര ബൂത്തിലേതെന്ന് പി സരിന്‍ പറഞ്ഞു.
ബൂത്തുകളില്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ക്കും സ്ഥാനാര്‍ത്ഥിക്കും പോകാം. അതിനാണ് പാസുള്ളത്. എന്നാല്‍ അവിടെ പരിവാരങ്ങളുമായി പോകാന്‍ അനുമതിയില്ല. എല്ലാ ബൂത്തിലും നാലോ അഞ്ചോ കാറുകളില്‍ ആളുകളുമായി എത്തും. അവിടെ നിന്ന് പരിവാരങ്ങളുമായാണ് ബൂത്തില്‍ പോകുന്നത്. ബൂത്ത് ഏതാണെന്ന് അറിയില്ല എന്നതാണ് വസ്തുത. ഇത് കന്നഡ സിനിമയൊന്നുമല്ല. പാലക്കാടന്‍ ജീവിതമാണ്. ഇത് സംബന്ധിച്ച് താന്‍ പരാതി നല്‍കാത്തത് രണ്ട് ദിവസം കൊണ്ട് കഴിയും എന്നതുകൊണ്ടാണെന്നും സരിന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ അവസാന നിമിഷം വോട്ടഭ്യര്‍ത്ഥിച്ചു എന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതാണ് വെണ്ണക്കര ബൂത്തില്‍ സംഘര്‍ഷമുണ്ടാകാന്‍ കാരണമായത്. എന്നാല്‍ വോട്ടര്‍മാരുടെ പരാതി പരിഹരിക്കാന്‍ എത്തിയതാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. ഇതേ ചൊല്ലി ബിജെപി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. വന്‍ പൊലീസ് സന്നാഹമെത്തിയാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്.