പഹല്‍ഗാം ആക്രമണം: സുരക്ഷാ വീഴ്ചയുണ്ടായതായി സമ്മതിച്ച് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ

പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി ജമ്മു കശ്മീര്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ആക്രമണം നടന്നതിന് മാസങ്ങള്‍ക്കുശേഷമായാണ് അദ്ദേഹം ആദ്യമായി പരസ്യമായി സുരക്ഷാ വീഴ്ചയെക്കുറിച്ച് പ്രതികരിച്ചത്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു മനോജ് സിന്‍ഹയുടെ പ്രതികരണം.
“പഹല്‍ഗാമില്‍ സംഭവിച്ചത് അത്യന്തം ദാരുണമായ സംഭവമാണ്. നിർപരാധികളായ യാത്രികര്‍ ക്രൂരമായി കൊല്ലപ്പെട്ടു. സംഭവിച്ചത് തീര്‍ച്ചയായും സുരക്ഷാ വീഴ്ചയാണ്. അതിനുള്ള മുഴുവന്‍ ഉത്തരവാദിത്വവും ഞാനാണ് ഏറ്റെടുക്കുന്നത്,” എന്ന് അദ്ദേഹം പറഞ്ഞു.
ആക്രമണം നടന്ന സ്ഥലത്തെ സുരക്ഷാ സാഹചര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. “തീവ്രവാദികള്‍ വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ചുകൊണ്ട് ആക്രമണമൊന്നും നടത്തില്ലെന്നായിരുന്നു ഇവിടെ സാധാരണയായി ഉണ്ടായിരുന്ന വിശ്വാസം. സംഭവം നടന്നത് തുറസായ ഒരു മൈതാനത്തിലായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കായുള്ള പ്രാഥമിക സൗകര്യങ്ങള്‍ പോലും അവിടെ ഉണ്ടായിരുന്നില്ല,” എന്ന് ലഫ്. ഗവര്‍ണര്‍ പറഞ്ഞു. ആക്രമണത്തിന് പിന്നാലെ സുരക്ഷാ സംവിധാനങ്ങളില്‍ പരിഷ്കാരങ്ങളും കർശന നടപടികളും സ്വീകരിച്ചുവെന്ന് അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Tag: Pahalgam attack: Lt. Governor Manoj Sinha admits security lapse