പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ ചൈനയിൽ, ഉന്നതരുമായി കൂടിക്കാഴ്ച നടത്തി

ഫീൽഡ് മാർഷലായി സ്ഥാനക്കയറ്റം ലഭിച്ച ചൈന സന്ദർശിച്ച് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ. വെള്ളിയാഴ്ച ഉന്നത ചൈനീസ് നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തി. സമസ്ത മേഖലകളിലുമുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള മാർഗം തേടിയാണ് മുനീർ ചൈനയിലെത്തിയത്. വൈസ് പ്രസിഡന്റ് ഹാൻ ഷെങ്, ഉന്നത സൈനിക ഉദ്യോഗസ്ഥൻ ജനറൽ ഷാങ് യൂക്സിയ, വിദേശകാര്യ മന്ത്രി വാങ് യി എന്നിവരുമായി മുനീർ പ്രത്യേകം കൂടിക്കാഴ്ച നടത്തിയതായി ഔദ്യോഗിക മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് മെയ് 7 ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് ശേഷമുള്ള മുനീറിന്റെ ആദ്യ ചൈന സന്ദർശനമാണിത്. സംഘർഷത്തിനിടെ, പാകിസ്ഥാൻ ചൈന വിതരണം ചെയ്ത വിപുലമായ സൈനിക ഉപകരണങ്ങൾ ഉപയോഗിച്ചു. നേരത്തെ അമേരിക്കയിലേക്കും മുനീർ സന്ദർശനം നടത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ട്രംപിനെ കാണുകയും അമേരിക്കയുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തു.
പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ അമേരിക്ക സന്ദർശിക്കും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുയമായി ദാർ കൂടിക്കാഴ്ച നടത്തും. ഷാങ്ഹായ് സഹകരണ സംഘടനയുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ദാർ ജൂലൈ 14 ന് ചൈനയിലെത്തിയിരുന്നു. പാകിസ്ഥാൻ സായുധ സേനയെ ചൈനീസ് നേതൃത്വം പ്രശംസിച്ചുവെന്ന് പാകിസ്ഥാൻ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഉഭയകക്ഷി ഇടപെടലിന്റെ ആഴത്തിൽ ഇരുപക്ഷവും സംതൃപ്തി പ്രകടിപ്പിക്കുകയും പരമാധികാര സമത്വം, ബഹുമുഖ സഹകരണം, പ്രാദേശിക സ്ഥിരത എന്നിവയ്ക്കുള്ള പങ്കിട്ട പ്രതിബദ്ധത ആവർത്തിച്ചു.