Latest News

പോയന്‍റ് പങ്കുവെക്കാനാവില്ലെന്ന് പാകിസ്ഥാൻ, പിന്‍മാറിയത് ഇന്ത്യ; ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിൽ പ്രതിസന്ധി

 പോയന്‍റ് പങ്കുവെക്കാനാവില്ലെന്ന് പാകിസ്ഥാൻ, പിന്‍മാറിയത് ഇന്ത്യ; ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിൽ പ്രതിസന്ധി

ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിന് തൊട്ടു മുമ്പ് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഇന്ത്യ പിന്‍മാറിയതിനാല്‍ പോയന്‍റ് പങ്കിടാനാവില്ലെന്ന് വ്യക്തമാക്കി പാക് ടീം. മത്സരത്തിന് തൊട്ടു മുമ്പ് ഇന്ത്യയാണ് മത്സരത്തില്‍ നിന്ന് പിന്‍മാറിയതെന്നും അതിനാല്‍ പോയന്‍റ് പങ്കിടനാവില്ലെന്നുമാണ് പാക് ടീമിന്‍റെ നിലപാടെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്ത്യ അകാരണമായി പിന്‍മാറിയതിനാല്‍ മത്സരത്തില്‍ നിന്നുള്ള രണ്ട് പോയന്‍റിന് പാക് ടീമിനാണ് അര്‍ഹതയെന്ന് പാകിസ്ഥാന്‍ ചാമ്പ്യൻസ് ടീം ഉടമയായ കാമില്‍ ഖാന്‍ പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും ഫൈനലിലെത്തിയാല്‍ കാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കാമെന്നും എന്നാല്‍ ഈ മത്സരത്തിലെ പോയന്‍റ് പങ്കിടാനാവില്ലെന്നുമാണ് പാക് ടീമിന്‍റെ നിലപാട്. കഴിഞ്ഞ ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിലെ റണ്ണറപ്പുകളായ പാകിസ്ഥാന്‍ ഇത്തവണ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ചാമ്പ്യൻസിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചിരുന്നു. വെള്ളിയാഴ്ച ദക്ഷിണാഫ്രിക്ക ചാമ്പ്യൻസിനെതിരെയാണ് പാകിസ്ഥാന്‍റെ അടുത്ത മത്സരം. ആറ് ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ നിലവില്‍ പാകിസ്ഥാന്‍ ചാമ്പ്യൻസാണ് പോയന്‍റ് പട്ടികയില്‍ ഒന്നാമത്. ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് രണ്ടാമതും ഇംഗ്ലണ്ട് ചാമ്പ്യൻസ് മൂന്നാമതുമുള്ളപ്പോള്‍ ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്ക് പിന്നിലായി ഇതുവരെ ഒരു മത്സരം പോലും കളിക്കാത്ത ഇന്ത്യ ചാമ്പ്യൻസ് അവസാന സ്ഥാനത്താണ്. ഇന്ന് ദക്ഷിണാഫ്രിക്ക ചാമ്പ്യൻസിനെതിരെ ആണ് ഇന്ത്യൻ ചാമ്പ്യൻസിന്‍റെ അടുത്ത മത്സരം.

ഞായറാഴ്ചയായിരുന്നു മുന്‍ താരങ്ങള്‍ മത്സരിക്കുന്ന വേള്‍ഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജന്‍ഡ്സ് ടൂര്‍ണമെന്‍റില്‍ യുവരാജ് സിംഗ് നയിക്കുന്ന ഇന്ത്യ ചാമ്പ്യൻസും പാകിസ്ഥാന്‍ ചാമ്പ്യൻസും തമ്മില്‍ മത്സരിക്കേണ്ടിയിരുന്നത്. എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യക്കെതിരെ വിവാദ പ്രസ്താവനങ്ങള്‍ നടത്തിയ ഷഹീദ് അഫ്രീദി പാകിസ്ഥാൻ ടീമിലുണ്ടെന്നതും ചൂണ്ടിക്കാട്ടി പാകിസ്ഥാനുമായി കളിക്കാനില്ലെന്ന് ഇന്ത്യൻ താരങ്ങള്‍ നിലപാടെടുത്തോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

അഫ്രീദി ഉള്‍പ്പെട്ട പാക് ടീമിനെതിരെ പ്രദര്‍ശന മത്സരം പോലും കളിക്കില്ലെന്ന് ഇന്ത്യൻ ഓപ്പണറായ ശിഖര്‍ ധവാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മെയ് 11ന് എടുത്ത പ്രതിജ്ഞയില്‍ ഇന്നും മാറ്റമില്ല. എനിക്കെന്‍റെ രാജ്യം മറ്റെന്തിനെക്കാളും വലുതാണ്, അതിലും വലുതായി ഒന്നുമില്ലെന്ന് വ്യക്തമാക്കിയാണ് പാകിസ്ഥാനെതിരെ കളിക്കില്ലെന്ന നിലപാട് സോഷ്യല്‍ മീഡിയയിലൂടെ ധവാന്‍ പരസ്യമാക്കിയത്. ഇതിന് പിന്നാലെ സുരേഷ് റെയ്നയ, യുവരാജ് സിംഗ്, യൂസഫ് പത്താന്‍ തുടങ്ങിയ താരങ്ങളും പാകിസ്ഥാനെതിരെ മത്സരിക്കാനില്ലന്ന് വ്യക്തമാക്കി.

പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം അഫ്രീദി നടത്തിയ വിവാദ പ്രസ്താവനകളാണ് കടുത്ത നിലപാടെടുക്കാന്‍ ഇന്ത്യൻ ടീമിനെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. പഹല്‍ഗാം ഭീകരാക്രമണം സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്കുനേരെ ഇന്ത്യ തന്നെ നടത്തിയതാണെന്നും തീവ്രവാദികള്‍ ഇന്ത്യക്കാരെ വെടിവെച്ചു കൊല്ലുമ്പോള്‍ എട്ട് ലക്ഷം സൈനികരുള്ള ഇന്ത്യയില്‍ നിന്ന് ഒരാള്‍ പോലും എതിര്‍ക്കാനായി ഉണ്ടായിരുന്നില്ലെന്നും അഫ്രീദി ആരോപിച്ചിരുന്നു. ഇന്ത്യ തന്നെ സ്വന്തം പൗരന്‍മാരെ വെടിവെച്ചു കൊന്നശേഷം പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണെന്നും അഫ്രീദി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes