Latest News

‘പാലക്കാട് എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കി, എനിക്കു മാത്രം തന്നില്ല’; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

 ‘പാലക്കാട് എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കി, എനിക്കു മാത്രം തന്നില്ല’; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കിയപ്പോള്‍, തന്നെ ഒഴിച്ചുനിര്‍ത്തിയെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. അതെന്താണെന്ന് അറിയില്ല. അന്ന് പറയേണ്ടെന്ന് കരുതിയതാണ്. അതില്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ല. അതുകൊണ്ടാണ് പാര്‍ട്ടി വിളിക്കുമ്പോള്‍ പോകണം എന്ന നിലപാട് സ്വീകരിച്ചത്. പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ചു നിര്‍ത്തി നേതൃത്വം മുന്നോട്ടുകൊണ്ട് പോകണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. 

ആരെങ്കിലും തഴയപ്പെടുന്ന അവസ്ഥയുണ്ടായാല്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ല. ചിലര്‍ മാറിനില്‍ക്കുകയും ചിലര്‍ ഉള്‍പ്പെടാതെ വരികയും ചെയ്യുന്നു. എല്ലാവരേയും ചേര്‍ത്തുപിടിച്ച്‌ കൊണ്ടുപോയേ മതിയാവൂ. എല്ലാവരേയും തുല്യമായി കരുതുന്ന നേതാക്കള്‍ വരണം. പാര്‍ട്ടി പുനഃസംഘടനയില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം കിട്ടണം. ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ടയാള്‍ വരണമെന്ന് താന്‍ പറയില്ല. പാര്‍ട്ടി പുനഃസംഘടിപ്പിക്കുമ്പോള്‍ എല്ലാവരെയും ഉള്‍പ്പെടുത്തുകയാണ് വേണ്ടതെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു.

കെ സുധാകരന്റെയും വി ഡി സതീശന്റെയുമെല്ലാം നേതൃത്വത്തില്‍ പാര്‍ട്ടി ശക്തമായി മുന്നോട്ടുപോകുകയാണ്. അതിനാല്‍ ആരെയെങ്കിലും മാറ്റിനിര്‍ത്തേണ്ടതുണ്ടോ എന്ന് ചാണ്ടി ഉമ്മന്‍ ചോദിച്ചു. കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറണം എന്ന അഭിപ്രായം തനിക്കില്ല. സുധാകരന്റെ നേതൃത്വത്തിലാണ് ഉപതെരഞ്ഞെടുപ്പുകള്‍ വിജയിച്ചത്. സുധാകരനെ മാറ്റുന്നതിനെക്കുറിച്ച്‌ ചര്‍ച്ച പോലും ഉണ്ടാകരുതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ചാണ്ടി ഉമ്മന്റെ മനസ്സില്‍ തറച്ച കാര്യങ്ങളാകും പറഞ്ഞതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ചാണ്ടി ഉമ്മനോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന നിലയിലേക്ക് ആരും പോകരുതെന്ന് തിരുവഞ്ചൂർ പറഞ്ഞു. ചാണ്ടി ഉമ്മനുമായി ഭിന്നതയില്ലെന്നും സഹോദരനായാണ് അദ്ദേഹത്തെ കാണുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പാലക്കാട് പ്രചാരണത്തിന് ചാണ്ടി ഉമ്മനും എത്തിയിരുന്നു. എല്ലാ നേതാക്കളേയും പോലെ ചാണ്ടി ഉമ്മന്റെ സാന്നിധ്യവും വിജയത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. 

‘പാർട്ടി നേതൃത്വത്തോട് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാ പാര്‍ട്ടി പ്രവര്‍ത്തകനുമുണ്ട്. എന്റെയും ചാണ്ടി ഉമ്മന്റെയും പാര്‍ട്ടി നേതൃത്വം ഒന്നുതന്നെയാണ്. അദ്ദേഹം ഉയര്‍ത്തിയിരിക്കുന്ന അഭിപ്രായത്തിന് മറുപടി പറയേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. താൻ നേതൃത്വത്തിലുള്ള ആളല്ലെന്നും’ രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേർത്തു. പാലക്കാട് നടന്ന കണ്‍വെന്‍ഷനില്‍ ചാണ്ടി ഉമ്മന്‍ പങ്കെടുത്തിരുന്നു. പ്രിയങ്കാഗാന്ധി മത്സരിക്കുന്ന വയനാട് അടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റിടങ്ങളിലേക്കും പോകേണ്ടിവന്നതുകൊണ്ടാണ് ചാണ്ടി ഉമ്മന് മുഴുവന്‍ സമയവും പാലക്കാട് ഉണ്ടാകാന്‍ കഴിയാതിരുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes