ബന്ധുബലം പരീക്ഷിക്കലല്ല പാലക്കാട് നടക്കുന്നത്; സന്ദീപ് വാര്യർക്ക് വീണ്ടും മറുപടിയുമായി സി കൃഷ്ണകുമാർ
പാലക്കാട്: പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപ് വാര്യർക്ക് വീണ്ടും മറുപടിയുമായി പാലക്കാട് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ. മൂത്താൻതറയിൽ ഏറെ ബന്ധുക്കൾ ഉണ്ടെന്ന സന്ദീപിൻ്റെ പ്രസ്താവനയ്ക്ക് ബന്ധുബലം പരീക്ഷിക്കലല്ല പാലക്കാട് നടക്കുന്നത് എന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി.
പാർട്ടിയോട് കൂറുള്ളവർക്ക് തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കാൻ കഴിയില്ലെന്നും സന്ദീപിന് മറുപടിയായി കൃഷ്ണകുമാർ പറഞ്ഞു. ഈ വിവാദങ്ങളൊന്നും ജനങ്ങൾ ചെവിക്കൊള്ളില്ലെന്നും പാലക്കാട് സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് ജീവന്മരണ പോരാട്ടമാണെന്നും കൃഷ്ണകുമാർ പറഞ്ഞു. അതിനാൽ ഒരാശങ്കയും ഇല്ലെന്നും കൂടുതൽ കാര്യങ്ങൾ സംസ്ഥാന അധ്യക്ഷൻ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പറയാനുള്ളതെല്ലാം പറഞ്ഞുവെന്നും കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. മാറേണ്ട സാഹചര്യങ്ങളൊന്നും ആയിട്ടില്ല. പറഞ്ഞ കാര്യങ്ങൾ മാറ്റിയിട്ടില്ല. താൻ എവിടെയും പോയിട്ടില്ലെന്നും ബിജെപിയിൽ തന്നെയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നേതാക്കളുമായി കഴിഞ്ഞ ദിവസമുണ്ടായത് വ്യക്തിപരമായ കൂടിക്കാഴ്ചയാണ്. ഗുരുതുല്യനായ വ്യക്തിയാണ് ജയകുമാറെന്നും അദ്ദേഹം സ്നേഹം കൊണ്ട് വന്നതാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപിനെ അനുനയിപ്പിക്കാൻ തന്നെയാണ് ബിജെപിയുടെ ശ്രമം. പാലക്കാട് സ്ഥാനാർഥി സി കൃഷ്ണകുമാറിനെതിരെ സന്ദീപ് വാര്യർ കഴിഞ്ഞ ദിവസം വീണ്ടും രംഗത്തുവന്നിരുന്നു. പാലക്കാട് താന്‍ വളര്‍ന്നുവരുന്നതില്‍ സി കൃഷ്ണകുമാറിന് തന്നോട് അസൂയയാണെന്നും തന്നെ ഒതുക്കാനും ഇല്ലാതാക്കാനും ബോധപൂര്‍വം ശ്രമിക്കുന്നത് അതുകൊണ്ടാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.