നിപ ബാധിച്ച പാലക്കാട് സ്വദേശിനിയുടെ നില ഗുരുതരമായി തുടരുന്നു

പാലക്കാട്: നിപ വൈറസ് ബാധിച്ച പാലക്കാട് സ്വദേശിനിയായ 38 കാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
മലപ്പുറം, പാലക്കാട് ജില്ലകളിലായി 461 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ 27 പേർക്ക് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലുള്ള ഹൈറിസ്ക് വിഭാഗത്തിലാണ്. വൈറസ് പടരാനുള്ള സാധ്യത മറികടക്കാൻ ഈ രണ്ട് ജില്ലകളിലെ കണ്ടെയ്ൻമെൻറ് സോണുകളിൽ നിയന്ത്രണങ്ങൾ തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
പാലക്കാട് ജില്ലയിൽ മാത്രം 3000ത്തോളം വീടുകളിൽ ആരോഗ്യപ്രവർത്തകർ ഇൻസ്പെക്ഷൻ നടത്തി. നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഭോപ്പാലിലേക്ക് അയച്ച വവ്വാലുകളുടെ വിസർജ്യ സാമ്പിളുകളുടെ പരിശോധനാഫലം ഉടൻ ലഭ്യമാകുമെന്നു അധികൃതർ അറിയിച്ചു.