Latest News

പാലക്കാട്ടെ റെയ്ഡ് പിണറായി ആസൂത്രണം ചെയ്ത ഭീകര നാടകം; കെ.സി വേണുഗോപാൽ

 പാലക്കാട്ടെ റെയ്ഡ് പിണറായി ആസൂത്രണം ചെയ്ത ഭീകര നാടകം; കെ.സി വേണുഗോപാൽ

ബിജെപി നേതൃത്വത്തിന്റെ തിരക്കഥയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംവിധാനം ചെയ്ത ഭീകര നാടകമായിരുന്നു പാലക്കാട്ട് പോലീസ് നടത്തിയ പാതിരാ റെയ്‌ഡെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാത്രമല്ല, കേരളത്തിലെ തന്നെ സമുന്നതരായ രണ്ട് വനിതാ നേതാക്കളുടെ കിടപ്പുമുറിയിലേക്ക് അര്‍ദ്ധരാത്രിയില്‍ പോലീസിനെ അയച്ച്‌ അവരെ അപമാനിക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോട് കൂടി നടത്തിയ ഈ സംഭവം അങ്ങേയറ്റം ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് എല്ലാ നിയമങ്ങളുടെയും ലംഘനമാണ്.

എന്ത് അടിസ്ഥാനത്തിലാണ് ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും അടക്കമുള്ളവരുടെ മുറിയിലേക്ക് വനിതാ പോലീസ് പോലുമില്ലാതെ കടന്നുചെല്ലാന്‍ പോലീസ് തയ്യാറായത്? രണ്ട് വനിതാ നേതാക്കളുടെ മുറിയില്‍ പാതിരാത്രി കഴിഞ്ഞ് റെയ്ഡ് നടത്താന്‍ ഉത്തരവ് നല്‍കിയത് ആരാണ്? അര്‍ദ്ധരാത്രിയില്‍ പോലീസ് എത്തുമ്പോൾ സിപിഎമ്മുകാരും ബിജെപിക്കാരും അവിടെ ഒന്നിച്ചുണ്ടായിരുന്നു. അവര്‍ക്ക് എവിടെ നിന്നാണ് വിവരം ലഭിച്ചത്? മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തിരിക്കുന്നത്, സ്ത്രീത്വത്തിനെതിരായ കടുത്ത ആക്രമണമാണ് നടന്നിരിക്കുന്നത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഓള്‍ ഇന്ത്യ കമ്മിറ്റി ശക്തമായി അപലപിക്കുന്നു. ഈ വിഷയം വെറുതെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല. നിയമപരമായും രാഷ്ട്രീയപരമായും എല്ലാ രീതിയിലും ഇതിനെ ചെറുത്ത് തോല്‍പ്പിക്കാനുള്ള നടപടി സ്വീകരിക്കും. ഇതില്‍ പങ്കുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരിക തന്നെ ചെയ്യുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ബിജെപിയും സിപിഎമ്മും പ്രതിക്കൂട്ടിലുള്ള കൊടകരയിലെ സംഭവം മറച്ചുപിടിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു ഉദ്യമത്തിന് അവര്‍ മുതിര്‍ന്നത്. 41 കോടിയുടെ കുഴല്‍പ്പണം രാജ്യം മുഴുവന്‍ ഒഴുകി നടന്നിട്ടും കേരളത്തിലെ പോലീസ് കൈമലര്‍ത്തുകയാണ്. എല്ലാ സാക്ഷി മൊഴികളും വിവരങ്ങളും തെളിവുകളും കഴിഞ്ഞ 3 വര്‍ഷമായി കൈവശമുണ്ടായിട്ടും കേരള പോലീസ് ഇതെല്ലാം മറച്ചുവയ്ക്കുകയായിരുന്നു. നടപടിയൊന്നും എടുത്തിട്ടില്ല. ഈ വിഷയത്തില്‍ കേരള പോലീസും കുറ്റക്കാരാണ്. കേരളത്തിലെ ഏറ്റവും വലിയ ഹവാല ഇടപാടില്‍ ബിജെപിയും സിപിഎമ്മും ഒരുപോലെ കുറ്റവാളികളായപ്പോള്‍ കോണ്‍ഗ്രസ് വനിതാ നേതാക്കളെ അപമാനിച്ച്‌ വിഷയം മാറ്റാനാണ് അവര്‍ ശ്രമിച്ചതെന്നും കെസി പറഞ്ഞു.

ഈ സംഭവത്തിന്റെ ഗൗരവം ഏറെയാണ്. കള്ളപ്പണ മാഫിയ ഉണ്ടെന്ന് തെളിവടക്കം ലഭിച്ചിട്ടും നടപടിയെടുക്കാത്ത കേരള പോലീസ് ഇപ്പോള്‍ ബിജെപിയോട് ചേര്‍ന്ന് തിരക്കഥയുണ്ടാക്കി നാടകം കളിക്കുകയാണ്. തൃശൂരിലെ ഡീല്‍ പാലക്കാട്ടും ആവര്‍ത്തിക്കാനാണ് ശ്രമമെന്നതിന് തെളിവാണ് ഇന്നലത്തെ സംഭവവികാസങ്ങള്‍. സ്വന്തം ചിഹ്നത്തില്‍ മത്സരിക്കാന്‍ സിപിഎം തയ്യാറാകാത്തപ്പോള്‍ തന്നെ ഈ ചോദ്യം ഉയര്‍ന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റെയ്ഡിന് വേണ്ടി പാലിക്കേണ്ട ഒരു നടപടിക്രമവും പാലിക്കാതെ സ്ത്രീകളുടെ അടക്കം റൂമിലേക്ക് അതിക്രമിച്ചുകയറാന്‍ ആരാണ് ഇവര്‍ക്ക് അനുമതി നല്‍കിയത്? ഇത് അത്യന്തം ഗൗരവതരമായാണ് കോണ്‍ഗ്രസ് കാണുന്നത്. നിയമപരമായി ഏതറ്റം വരെയും ഇതുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് തീരുമാനം. രാഷ്ട്രീയമായും നേരിടും. തെരച്ചിലില്‍ ഒന്നും ലഭിച്ചില്ലെന്ന് എഴുതിക്കൊടുത്താണ് പോലീസ് പോയത്.

കൊടകര കള്ളപ്പണക്കേസിന് മറ പിടിക്കാന്‍ നടത്തിയ കള്ളനാടകം മാത്രമായിരുന്നു പാലക്കാട് നടന്നതെന്ന് വ്യക്തം. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും നടന്നിട്ടില്ലാത്ത വിധം ലജ്ജാകരമായ സംഭവമായിപ്പോയി. മുകളില്‍ നിന്നുള്ള ഉത്തരവില്ലാതെ ഇത്തരമൊരു ശ്രമം പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. പിണറായി വിജയന്റെ അനുവാദത്തോടെയാണ് കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളുടെ കിടപ്പുമുറിയിലേക്ക് പോലീസ് അതിക്രമിച്ച്‌ കയറിയത്. മുഖ്യമന്ത്രി മറുപടി പറയണം, കെസി വേണുഗോപാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes