പാലക്കാട് ഇന്ന് വിധിയെഴുതും; വോട്ടെടുപ്പ് ആരംഭിച്ചു
പാലക്കാട്: അപ്രതീക്ഷിത ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന പാലക്കാട് മണ്ഡലത്തിൽ ഇന്ന് വിധിയെഴുത്ത്. മോക് പോളിങിനുശേഷം കൃത്യം ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ആറുമണിയോടെ തന്നെ പോളിങ് ബൂത്തുകളിലേക്ക് ആളുകൾ എത്തിയിരുന്നു. ആദ്യം തന്നെ വോട്ട് ചെയ്ത് പിന്നീടുള്ള തിരക്ക് ഒഴിവാക്കാനാണ് പലരും നേരത്തെ എത്തിയത്. വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ തന്നെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ 184 ബൂത്തുകളിലായി 1,94,706 വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതിൽ 1,00,290 പേർ സ്ത്രീ വോട്ടർമാരാണ്.
ആകെ വോട്ടർമാരിൽ 2306 പേർ 85 വയസ്സിനു മുകളിൽ പ്രായമുള്ളവരും 2445 പേർ 18-19 വയസ്സുകാരും 780 പേർ ഭിന്നശേഷിക്കാരും നാലു പേർ ട്രാൻസ്‌ജെൻഡേഴ്‌സും ആണ്. 229 ആണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പ്രവാസി വോട്ടർമാരുടെ എണ്ണം. പത്ത് സ്ഥാനാർത്ഥികളാണ് പാലക്കാട് മത്സര രംഗത്തുള്ളത്. വോട്ടെടുപ്പിനുശേഷം രാത്രിയോടെ തന്നെ കോളേജിലെ ന്യൂ തമിഴ് ബ്ലോക്കിൽ സജ്ജീകരിച്ചിട്ടുള്ള സ്‌ട്രോങ് റൂമുകളിലേക്ക് ഇവ മാറ്റും.
കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും സംഭവബഹുലമായ പ്രചാരണ കാലയളവിന് ശേഷമുള്ള വിധിയെഴുത്ത് മൂന്ന് മുന്നണികൾക്കും നിർണായകമാണ്. മെട്രോമാൻ ഇ ശ്രീധരനിലൂടെ കഴിഞ്ഞ തവണ നടത്തിയ മുന്നേറ്റം തുടരാനും ഇത്തവണ കൃഷ്ണകുമാറിലൂടെ മണ്ഡലം പിടിക്കാമെന്നുമുള്ള പ്രതീക്ഷയിലാണ് ബിജെപി. ഇന്നലത്തെ നിശബ്ദ പ്രചാരണവും പൂർത്തിയാക്കിയ സ്ഥാനാർത്ഥികളെല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
പാലക്കാട് നിയോജക മണ്ഡലത്തിൽ ഇന്ന് അവധി
പാലക്കാട് ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് നടക്കുന്നതിനാൽ ഇന്ന് (നവംബർ 20) പാലക്കാട് നിയോജക മണ്ഡലത്തിൽ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിയോജക മണ്ഡലത്തിൻറെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പൊതു ഭരണ വകുപ്പ് അവധി പ്രഖ്യാപിച്ചെന്നാണ് ജില്ലാ കളക്ടർ ഡോ. എസ് ചിത്ര അറിയിച്ചിരിക്കുന്നത്. നിയോജക മണ്ഡലത്തിലെ എല്ലാ സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും, ബാങ്കുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇന്ന് വേതനത്തോടുകൂടിയുള്ള അവധിയായിരിക്കും.