അനധികൃത ബോർഡുകൾ പത്തു ദിവസത്തിനകം നീക്കിയില്ലെങ്കിൽ സെക്രട്ടറിമാർക്ക് പിഴ
പൊതുസ്ഥലങ്ങളിലെ അനധികൃത ബോർഡുകള്‍ 10 ദിവസത്തിനകം നീക്കണമെന്ന് ആവർത്തിച്ച് ഹൈക്കോടതി. നീക്കം ചെയ്തില്ലെങ്കില്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍നിന്ന് പിഴ ഈടാക്കും.
അവർക്കായിരിക്കും ഇതിന്‍റെ ഉത്തരവാദിത്തമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ബോർഡുകള്‍ നീക്കം ചെയ്യാൻ സെക്രട്ടറിമാർക്ക് പ്രത്യേകസംഘം രൂപവത്കരിക്കാമെന്നും ഭീഷണിയുണ്ടായാല്‍ പൊലീസ് സംരക്ഷണം തേടാമെന്നും കോടതി നിർദേശിച്ചു. ബോർഡുകള്‍ നീക്കം ചെയ്യാത്തത് സംബന്ധിച്ച് വിശദീകരണം നല്‍കാൻ തദ്ദേശ പ്രിൻസിപ്പല്‍ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
എന്തും ചെയ്യാനുള്ളതല്ല പൊതുസ്ഥലം. നിറമുള്ള കൊടികളില്‍ തൊട്ടാല്‍ പണി കിട്ടുമെന്നതാണ് സ്ഥിതി. ഓരോ രാഷ്ട്രീയ പാർട്ടിയും നിയമം ലംഘിക്കുന്നു. ഇനിയിത് അനുവദിക്കാനാവില്ല. നടപ്പാതയിലെ കൈവരിയെ എങ്കിലും വെറുതെ വിട്ടുകൂടേ. ജനങ്ങള്‍ക്ക് ഇതിലൊന്നും താല്‍പര്യമില്ല. കുട്ടികള്‍ ബോർഡ് നോക്കിയല്ല, സമൂഹ മാധ്യമങ്ങള്‍ നോക്കിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും കോടതി പറഞ്ഞു.
പലയിടത്തും അപകടാവസ്ഥയിലുള്ള ബോർഡുകളുണ്ട്. സിനിമയുടെയും മതസ്ഥാപനങ്ങളുടെയും ബോർഡുകളും നിയമം ലംഘിച്ച് സ്ഥാപിക്കുന്നുണ്ട്. ബോർഡ് വെക്കുകയെന്നത് അനിവാര്യമായ മതപരമായ ആചാരമല്ലെന്നും കോടതി പറഞ്ഞു. തിരുവനന്തപുരത്ത് അനധികൃത ബോർഡുകള്‍ സ്ഥാപിച്ചതിന് ആറ് ലക്ഷം രൂപ പിഴ ഈടാക്കിയതായി കോർപറേഷൻ അറിയിച്ചപ്പോള്‍ 50 ലക്ഷമെങ്കിലും പിഴ കിട്ടേണ്ടതല്ലേയെന്ന് കോടതി ആരാഞ്ഞു. അനധികൃത ബോർഡുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.