പിന്‍ നമ്പര്‍ ഇനി നിര്‍ബന്ധമില്ല? യുപിഐയില്‍ ബയോമെട്രിക് വരുന്നതായി റിപ്പോര്‍ട്ട്

യുപിഐ പണമിടപാടുകള്‍ നടത്താന്‍ പിന്‍ നമ്പര്‍ ഇനി മുതല്‍ നിര്‍ബന്ധമായേക്കില്ല. യുപിഐ ട്രാന്‍സാക്ഷനുകള്‍ ബയോമെട്രിക്ക് ഉപയോഗിച്ചും പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സൗകര്യം നാഷണല്‍ പേയ്‌മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) ഉടന്‍ അനുവദിച്ചേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ ഫിംഗര്‍പ്രിന്‍റും ഫേഡ്ഐഡിയും വഴി യുപിഐ ഇടപാടുകള്‍ സുതാര്യവും സുരക്ഷിതവുമായി നടത്താനാകും എന്നാണ് പ്രതീക്ഷ. എന്നാല്‍ യുപിഐ ഇടപാടുകളില്‍ ബയോമെട്രിക് അവതരിപ്പിക്കുന്ന കാര്യം എന്‍പിസിഐ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ഫിംഗര്‍ പ്രിന്‍റും ഫേസ്ഐഡിയും ഉപയോഗിച്ച് യുപിഐ ആപ്പുകളില്‍ പണമിടപാടുകള്‍ നടത്താന്‍ ഉപഭോക്താക്കള്‍ക്ക് നാഷണല്‍ പേയ്‌മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുത്തന്‍ സൗകര്യമൊരുക്കിയേക്കും എന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്‍റെ റിപ്പോര്‍ട്ട്. നാളിതുവരെ ഈ സൗകര്യം യുപിഐ ആപ്പുകളില്‍ ഉണ്ടായിരുന്നില്ല. പകരം നാലക്കമോ ആറക്കമോ വരുന്ന പിന്‍ നമ്പറുകള്‍ ഉപയോഗിച്ചായിരുന്നു യുപിഐ പണമിടപാടുകള്‍ നടത്തിയിരുന്നത്. ഈ പിന്‍ നമ്പര്‍ യുപിഐ ആപ്പുകളില്‍ നല്‍കിയാല്‍ മാത്രമായിരുന്നു ആര്‍ക്കെങ്കിലും പണം അയക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ ബയോമെട്രിക് സംവിധാനം കൂടി യുപിഐ ആപ്പുകളില്‍ വന്നാല്‍ അത് പുത്തന്‍ ചരിത്രമാകും. അതോടെ പിന്‍ നമ്പര്‍ ഓപ്ഷനലാവും.
രാജ്യത്ത് നടക്കുന്ന ഡിജിറ്റല്‍ പണമിടപാടുകളില്‍ 80 ശതമാനവും യുപിഐ വഴിയാണ്. നിലവിലെ പിന്‍ നമ്പര്‍ രീതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ബയോമെട്രിക് സംവിധാനത്തിന് അധിക സുരക്ഷയുടെ മേന്‍മയുണ്ട്. യുപിഐ പിന്‍ നമ്പറുകള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കുന്നു എന്ന ആശങ്കയും പരാതികളും വ്യാപകമാണ്. ഇതിന് തടയിടാന്‍ ബയോമെട്രിക് രീതി സഹായകമാകും. മാത്രമല്ല, ഇടപാടുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ഫേസ് റെക്കഗിനിഷനും ഫിംഗര്‍പ്രിന്‍റും സഹായകമാകും. ബയോമെട്രിക് മുഖേനയുള്ള യുപിഐ ഇടപാടുകള്‍ ഭാവി പണമിടപാട് രീതിയായും കണക്കാക്കപ്പെടുന്നു. നിലവില്‍ യുപിഐ പണമിടപാടുകള്‍ നടത്താന്‍ 4-6 അക്ക നമ്പര്‍ നിര്‍ബന്ധമാണ്. ഓരോ തവണ പണം അടക്കുമ്പോഴും ഈ പിന്‍ നമ്പര്‍ സമര്‍പ്പിച്ചിരിക്കണം.