കല്ലമ്പലത്ത് നിന്ന് എംഡിഎംഎയുമായി പിടിയിലായ ‘ഡോൺ’ സഞ്ജുവിന് സിനിമാ മേഖലയിലടക്കം ഉന്നത ബന്ധമെന്ന് പൊലീസ്

തിരുവനന്തപുരം കല്ലമ്പലത്ത് നിന്നും ലഹരിമരുന്നുമായി പിടിയിലായ ‘ഡോൺ’ സഞ്ജു, ഉന്നത വ്യക്തികളുമായി ബന്ധപ്പെട്ടയാളാണെന്ന് പോലീസ്. സിനിമാ മേഖലയിലുള്‍പ്പെടെ നിരവധി പ്രമുഖരുമായി സഞ്ജുവിന് അടുത്ത ബന്ധമുണ്ടെന്നും, യുവതാരങ്ങളുമായി നിൽക്കുന്ന ചിത്രങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
സഞ്ജു ഒമാനിൽ നിന്നാണ് ഉയർന്ന ഗുണനിലവാരമുള്ള എംഡിഎംഎ (MDMA) കേരളത്തിലേക്ക് കൊണ്ടുവന്നതെന്നാണ് പോലീസ് നിഗമനം. ഈ ലഹരി മരുന്ന് പ്രധാനപ്പെട്ട ഇടപാടുകാർക്ക് വേണ്ടി മാത്രമായിരിക്കും വിൽപ്പന നടത്തിയതെന്ന് പൊലീസ് വിലയിരുത്തുന്നു. ഈ വർഷം മാത്രം നാലു തവണ വിസിറ്റ് വിസയിൽ ഒമാനിൽ പോയ സഞ്ജു, എല്ലാ യാത്രകളിലും ലഹരി കടത്തിയിട്ടുണ്ടാകാമെന്ന സംശയവും പോലീസിനുണ്ട്.
ജൂലൈ 10-ന് കല്ലമ്പലത്ത് വച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് സഞ്ജു ഉൾപ്പെടെ ചിലർ ഒന്നര കിലോ എംഡിഎംഎയുമായി പിടിയിലാകുന്നത്. അന്താരാഷ്ട്ര വിപണിയിൽ വില ഏകദേശം 4 കോടി വരുമെന്നാണ് വിലയിരുത്തൽ. ഈത്തപ്പഴം പെട്ടിയിലാണ് കറുത്ത കവറിൽ ഒളിപ്പിച്ച് ലഹരി കടത്താൻ ശ്രമിച്ചത്. വലിയവിള സ്വദേശി നന്ദു, ഉണ്ണിക്കണ്ണൻ, പ്രമീൻ എന്നിവരും സഞ്ജുവിനൊപ്പം പിടിയിലായി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു ഇന്നോവ കാറിലായി ഇവർ കല്ലമ്പലത്തേക്കെത്തുകയായിരുന്നു. തുടർന്ന് മറ്റൊരു പിക്കപ്പ് വാനിൽ ലഹരി മറച്ചു വച്ചാണ് കടത്താൻ ശ്രമിച്ചത്. റൂറൽ ഡാൻസാഫ് (DYNSAF) വിഭാഗം പ്രതികളെ കുറച്ച് ദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു.
സഞ്ജു സ്ഥിരം കുറ്റവാളിയാണെന്നും, 2023-ൽ കല്ലമ്പലത്ത് ലഹരി കച്ചവടക്കേസിൽ ഇയാൾ പ്രതിയാണെന്നും പൊലീസ് പറയുന്നു. ഞെക്കാട്ട് പ്രദേശത്ത് വളർത്തുനായകൾ ഉപയോഗിച്ച് ലഹരി സംഭരണം സുരക്ഷിതമാക്കി, പൊലീസ് പരിശോധനയ്ക്കെത്തിയപ്പോൾ നായകളെ അഴിച്ചു വിട്ട് ഭീഷണി സൃഷ്ടിച്ചിരുന്നതായും അന്വേഷണത്തിൽ പറയുന്നു. പോലീസ് ഇപ്പോള്‍ സഞ്ജുവിന്റെയും മറ്റ് പ്രതികളുടെയും ആസ്തികളും വിദേശ ബന്ധങ്ങളും സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരി കടത്ത് റാക്കറ്റിന് പിന്നിൽ കൂടുതല്‍ ഉയർന്ന തലത്തിലുള്ള ബന്ധങ്ങളുണ്ടോ എന്നതും പ്രധാനമായ അന്വേഷണ വിഷയം കൂടിയാണ്.
Tag: Police say ‘Don’ Sanju, who was caught with MDMA from Kallambalam, has high-level connections, including in the film industry