മട്ടന്നൂരിൽ കൂട്ട സ്ഥലംമാറ്റമെന്ന പ്രതിഷേധവുമായി പൊലീസുകാർ
കണ്ണൂർ: മട്ടന്നൂർ പൊലീസ് സ്റ്റേഷനില്‍ അസാധാരണ പ്രതിഷേധം. സിവില്‍ പൊലീസ് ഓഫീസർമാർ കൂട്ടത്തോടെ സ്ഥലംമാറ്റ അപേക്ഷ നല്കി.
ദേശാഭിമാനി ലേഖകന്റെ പരാതിയില്‍ അഞ്ച് പൊലീസുകാരെ സ്ഥലംമാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സ്ഥലംമാറ്റ അപേക്ഷ നല്‍കിയതെന്നാണ് വിവരം. മട്ടന്നൂർ സ്റ്റേഷനില്‍ ജോലി തുടരാനാകില്ലെന്നാണ് പരാതി.
ഒരു സീനിയർ സിവില്‍ പൊലീസ് ഓഫീസറെയും നാല് സിവില്‍ പൊലീസ് ഓഫീസർമാരെയുമാണ് കണ്ണൂർ സിറ്റിയിലേക്ക് സ്ഥലം മാറ്റിയത്. മട്ടന്നൂർ പോളിടെക്നിക് തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ദേശാഭിമാനി ലേഖകൻ ശരത്തിന് മർദനമേറ്റത്. പൊലീസ് അകാരണമായി മർദിച്ചെന്നായിരുന്നു ആരോപണം. തിരിച്ചറിയല്‍ കാർഡ് കാണിച്ചിട്ടും ഭീകരവാദിയെപ്പോലെ വലിച്ചിഴച്ചെന്നും ഇടിവണ്ടിയിലേക്ക് കൊണ്ടുപോയി മർദിച്ചെന്നും ശരത് ആരോപിച്ചിരുന്നു.