എഡിഎം കൈക്കൂലി വാങ്ങിയെന്ന് ആവർത്തിച്ച് പി പി ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ വിശ്വൻ
കണ്ണൂർ: എഡിഎം കൈക്കൂലി വാങ്ങിയെന്ന് ആവർത്തിച്ച് പി പി ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ വിശ്വൻ. ആരോപണത്തെ സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകൾ കോടതിയിൽ ഹാജരാക്കിയെന്നും അവ പി പി ദിവ്യയുടെ വാദത്തെ സാധൂകരിക്കുന്നതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണവുമായി ആദ്യഘട്ടം മുതൽ സഹകരിക്കുന്നുണ്ട്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തലേദിവസമാണ് അന്വേഷണ സംഘം നോട്ടീസ് നൽകിയത്. ജാമ്യാപേക്ഷ തള്ളിയ ഉടനെ തന്നെ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയിട്ടുണ്ട്. കേസിന്റെ അടിവേരറുക്കുന്ന തെളിവുകൾ അന്വേഷണസംഘം കണ്ടെത്തേണ്ടതുണ്ടെന്നും നിരപരാധിയെ ജയിലിൽ അടയ്ക്കാനുള്ള വ്യഗ്രത പലരും കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവർക്ക് നിരാശ നൽകുന്ന നിരവധി സാഹചര്യങ്ങൾ ഉണ്ട്. വിശദമായ മൊഴിയുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. അത് പുറത്തുവരുമ്പോൾ കൈക്കൂലി വാങ്ങി എന്നത് ഉറപ്പാകും. ജില്ലാ കളക്ടറുടെ മൊഴി വളരെ പ്രസക്തമാണ്. അത് പ്രോസിക്യൂഷന്റെ ആരോപണത്തെ ആകെ തന്നെ കരിച്ചുകളയും. മൊഴി പരിശോധിക്കുമ്പോൾ കോടതിക്കും അത് ബോധ്യമാകുമെന്നും അഡ്വ. കെ വിശ്വൻ വ്യക്തമാക്കി.
കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിൽ വിജിലൻസ് അയാൾക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും പക്ഷേ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയുടെ അഭിഭാഷകൻ അഡ്വ. ജോൺ എഫ് റാൾഫ് പറഞ്ഞു. പ്രശാന്തിനെ നവീൻ ബാബു വിളച്ചിട്ടുണ്ടെന്ന പ്രതിഭാഗത്തിൻറെ വാദത്തിൽ അത് ചിലപ്പോൾ സൈറ്റ് ഇൻസ്പെക്ഷനു വേണ്ടി ആവാമെന്നും അതിൽ അന്വേഷണം നടന്നാലേ തെളിയൂവെന്നും അദ്ദേഹം പറഞ്ഞു. കളക്ടർ ആദ്യം പറയാത്ത കാര്യമാണ് പിന്നീട് പറഞ്ഞത്. കളക്ടർ ആരെയോ ഭയപ്പെടുന്നുണ്ട്. അദ്ദേഹത്തിൻറെ നിലപാടുകളെ സംശയത്തോടെയാണ് കുടുംബം കാണുന്നതെന്നും അഡ്വ. ജോൺ എഫ് റാൾഫ് പറഞ്ഞു.
അതേസമയം, എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച (നവംബർ 8 ) വിധി പറയും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. രണ്ട് മണിക്കൂറോളം വിശദമായി വാദം കേട്ടതിന് ശേഷമാണ് കോടതി വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.
യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.