ഇന്ത്യയുമായി വ്യാപാരക്കരാറിലേർപ്പെടാൻ താൽപര്യം പ്രകടിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യയുമായി വ്യാപാരക്കരാറിലേർപ്പെടാൻ താൽപര്യം പ്രകടിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിവിധ രാജ്യങ്ങള്‍ക്കെതിരെ തീരുവ ഭീഷണയുമായി യുഎസ് രംഗത്തെത്തിയിരിക്കുന്നതിനിടെയാണ് ഇന്ത്യാ- യുഎസ് വ്യാപാരക്കരാറിനെക്കുറിച്ച് ട്രപ് വിശദീകരിച്ചത്.
‘ഞങ്ങള്‍ യുകെയുമായി കരാര്‍ ഉണ്ടാക്കി. ഞങ്ങള്‍ ചൈനയുമായി കരാര്‍ ഉണ്ടാക്കി. ഞങ്ങള്‍ ഇന്ത്യയുമായി ഒരു കരാര്‍ ഉണ്ടാക്കുന്നതിനടുത്താണ്… ഞങ്ങള്‍ ചര്‍ച്ച നടത്തിയ മറ്റുള്ളവരുമായി, കരാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് ഒരു കത്ത് അയച്ചിട്ടുണ്ട്’ ട്രംപ് പറഞ്ഞു.
ബംഗ്ലാദേശ്, തായ്ലന്‍ഡ്, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവയുള്‍പ്പെടെയുള്ള 14 രാജ്യങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന താരിഫ് നിരക്കുകള്‍ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന കത്ത് യുഎസ് പുറത്തിറക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ ഇന്ത്യ അനുകൂല പരാമര്‍ശം. ഈ രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അധിക തീരുവ ഓഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ‘വിവിധ രാജ്യങ്ങള്‍ക്ക് അവര്‍ എത്രമാത്രം താരിഫ് നല്‍കണം എന്ന് പറയുന്ന കത്തുകള്‍ ഞങ്ങള്‍ അയയ്ക്കുന്നുണ്ട്. അവര്‍ക്ക് കാരണങ്ങളുണ്ടെങ്കില്‍ സമയം നീട്ടി നല്‍കുന്നത് പരിഗണനയിലുണ്ടെന്നും ഞങ്ങള്‍ ഇതില്‍ അനീതി കാണിക്കില്ല’ യുഎസ് പ്രസിഡന്റ് പറഞ്ഞു.
Tag: President Donald Trump expresses interest in trade deal with India