Latest News

സരിനും ഭാര്യയും ചേർന്ന് വാർത്താ സമ്മേളനം, ആറ് വർഷമായി പാലക്കാട് വീട്

 സരിനും ഭാര്യയും ചേർന്ന് വാർത്താ സമ്മേളനം, ആറ് വർഷമായി പാലക്കാട് വീട്

പാലക്കാട്: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ. ഭാര്യ ഡോ സൗമ്യയുമായി ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തില്‍ സരിൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച്‌ വീട്ടിലേക്കും ക്ഷണിച്ചു. സൗമ്യ എവിടെ എന്ന് കുറെയായി ചിലർ ചോദിക്കുന്നുണ്ട്. വീട്ടിലേക്ക് വന്നാല്‍ പ്രതിപക്ഷ നേതാവിന് കാര്യങ്ങള്‍ ബോധ്യപ്പെടുമെന്ന് സരിൻ പറഞ്ഞു. ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോടാണ് ഭാര്യയുമായെത്തി സരിന്‍റെ മറുപടി.

വസ്തുതയ്ക്ക് വിരുദ്ധമായി കാര്യങ്ങള്‍ പടച്ചുവിട്ടുവെന്നും തന്റെ വീട്ടില്‍ താമസിക്കുന്നത് കുടുംബസുഹൃത്ത് ആണെന്നും സരിൻ പറഞ്ഞു. അവരെ ഇവിടെ നിന്ന് മാറ്റാനുള്ള പ്രയാസം കൊണ്ടാണ് മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയത്. 2017 ല്‍ ഈ വീട് വാങ്ങി. 2020 ല്‍ വാടകയ്ക്ക് നല്‍കി. ഈ വീട്ട് വിലാസം നല്‍കിയാണ് വോട്ടർ പട്ടികയില്‍ ചേർത്തത്. താൻ പാലക്കാട്ടുകാരനാണെന്ന് പറയുമ്പോള്‍ ചിലർക്ക് സങ്കടമാണ്. പാലക്കാടും ഒറ്റപ്പാലത്തുമായി താമസിച്ചു. അടുത്തിടെയാണ് സ്ഥിര താമസ വിലാസത്തിലേക്ക് വോട്ട് മാറ്റിയതെന്നും വീട്ടിലേക്ക് വന്നാല്‍ പ്രതിപക്ഷ നേതാവിന് കാര്യങ്ങള്‍ ബോധ്യപ്പെടുമെന്നും സരിൻ പറഞ്ഞു.

ഇങ്ങനെ സംസാരിക്കേണ്ടി വരുമെന്ന് കരുതിയില്ലെന്ന് ഡോ സൗമ്യയും പ്രതികരിച്ചു. തന്റെ വഴി രാഷ്ട്രീയമല്ല. താൻ രാഷ്ട്രീയം പറയാറില്ല. തുടക്കം മുതല്‍ അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചു. വ്യാജ വോട്ടറെന്ന നിലയില്‍ പ്രചരണം ഉണ്ടായി. വസ്തുതകള്‍ പരിശോധിക്കാതെ വീട്ടിലിരിക്കുന്നവരെ മോശം പറയുന്നത് ശരിയല്ല. ഞാൻ 916 വോട്ടർ. ഈ വീട് എന്റെ പേരില്‍ താൻ വാങ്ങിയത്. ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് ഊഹിച്ച്‌ വാങ്ങിയതല്ല. സ്വന്തം ജില്ലയില്‍ വീട് വേണമെന്ന് കരുതി ലോണ്‍ എടുത്ത് വാങ്ങിയതാണെന്നും സൗമ്യ സരിൻ പറഞ്ഞു.

വീടിന്റെ ആധാരം എടുത്ത് കാണിച്ച സൗമ്യ മുഴുവൻ രേഖകളും ഉണ്ടെന്നും കരം അടച്ചതിന്റെ രേഖകളും ഉണ്ടെന്നും പറഞ്ഞു. വീട് തന്റെ പേരില്‍ ഉള്ളതാണ്. തന്നെ സ്ഥാനാർഥിയുടെ ഭാര്യയായി കാണേണ്ടതില്ല. സൗമ്യ സരിൻ എന്ന വ്യക്തിയായി മാത്രം കണ്ടാല്‍ മതി. രാഷ്ട്രീയത്തില്‍ മിനിമം നിലവാരം വേണം. ഭർത്താക്കന്മാരുടെ വാലായി ഭാര്യയെ കാണുന്നത് പിന്തിരിപ്പൻ നിലപാട് ആണ്. ആറ് മാസമായി താൻ ഇവിടെ താമസിക്കുന്നില്ല എന്നതിന് എന്താണ് പ്രതിപക്ഷ നേതാവിന് തെളിവ് ഉള്ളത്. ഈ വീടിന്റെ മുകളിലെ നിലയില്‍ തങ്ങള്‍ താമസിക്കാറുണ്ട്. ഒറ്റപ്പാലത്തും പാലക്കാടും എപ്പോള്‍ പോകണമെന്ന് ആര് തീരുമാനിക്കണം. എവിടെ വോട്ട് ചെയ്യണം എന്ന് ഞാൻ അല്ലേ തീരുമാനിക്കേണ്ടത്. പാലക്കാട് ഞാൻ വോട്ട് ചെയ്യരുതെന്ന് ആർക്കാണ് നിർബന്ധമെന്നും സൗമ്യ ചോദിച്ചു.

ഇരട്ട വോട്ടും വ്യാജ വോട്ട് തന്നെയാണെന്ന് സരിൻ പറഞ്ഞു. തനിക്ക് ഒരൊറ്റ വോട്ട് ഉള്ളൂ. വോട്ട് മാറ്റാൻ നഗരസഭ അന്യായമായി എന്ത് സഹായമാണ് ചെയ്തത് എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം. 2018 മുതല്‍ പാലക്കാട് താമസക്കാരനാണ്. 2020 ല്‍ കോവിഡ് കാലത്താണ് വോട്ട് ഒറ്റപ്പാലത്തേക്ക് മാറ്റിയത്. എപ്പോള്‍ വോട്ട് മാറ്റണം എന്ന് ഞാനാണ് തീരുമാനിക്കുന്നത്. ചേലക്കരയിലും ഒറ്റപ്പാലത്തും പാലക്കാടും വോട്ട് ചെയ്തിട്ടുണ്ട്. എവിടെയൊക്കെ പോകുന്നുണ്ട് അവിടേക്ക് ഒക്കെ വോട്ട് മാറ്റാറുണ്ടെന്നും സരിൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes