മഹാരാഷ്ട്ര സ്കൂളിൽ വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ പ്രിൻസിപ്പാളും ജീവനക്കാരും അറസ്റ്റിൽ

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ആർ.എസ്. ദമാനി സ്കൂളിൽ വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ച് ആർത്തവ പരിശോധന നടത്തിയ കേസിൽ സ്കൂൾ പ്രിൻസിപ്പാളും അധ്യാപകരും ഉൾപ്പെടെയുള്ള എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പെൺകുട്ടികളെ പരിശോധിച്ചതിന്റെ പേരിലാണ് നടപടി. പ്രിൻസിപ്പാൾ, നാല് അധ്യാപകർ, രണ്ട് ട്രസ്റ്റി അംഗങ്ങൾ, ഒരു അറ്റന്റർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
ചൊവ്വാഴ്ചയായിരുന്നു സംഭവം. സ്കൂളിലെ ശുചിമുറിയിൽ രക്തക്കറ കണ്ടതിനെ തുടർന്ന്, വിദ്യാർത്ഥികളെ കൺവെൻഷൻ ഹാളിലേക്ക് വിളിപ്പിച്ച അധ്യാപകർ, ആർത്തവവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചു. ശുചിമുറിയിലെ രക്തക്കറയുടെ ചിത്രം പ്രൊജക്ടറിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് കുട്ടികളെ ചോദ്യം ചെയ്യലിന് വിധേയരാക്കുകയയും ചെയ്തു. ആരാണ് ഉത്തരവാദിയെന്ന് കണ്ടെത്താനാണ് ഈ നടപടി എടുത്തതെന്നാണ് സ്കൂളിന്റെ പക്ഷം.
ആർത്തവം വന്നിട്ടുള്ളവരാരെന്ന് അന്വേഷിച്ച അധ്യാപകർ, അതറിയിച്ച കുട്ടികളുടെ വിരലടയാളം ശേഖരിച്ചു. മറ്റ് വിദ്യാർത്ഥിനികളോട് ശുചിമുറിയിൽ വസ്ത്രം അഴിച്ചു കാണിക്കാനും നിർദേശിച്ചു. ഒരു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയതായും, സാനിറ്ററി പാഡ് ഉപയോഗിക്കുന്നതിനെക്കുറിച്ച് അപമാനകരമായ രീതിയിൽ ചോദിച്ചുവെന്നും രക്ഷിതാക്കൾ ആരോപിച്ചു. സംഭവത്തിൽ കുട്ടികൾ മാനസികമായി ബാധിച്ചെന്ന് രക്ഷിതാക്കൾ വ്യക്തമാക്കിയതോടെയാണ് പരാതി ഉയർന്നത്.
പെൺകുട്ടികൾ വിവരങ്ങൾ കുടുംബാംഗങ്ങളോട് പങ്കുവെച്ചതോടെയാണ് സംഭവം പുറത്ത് വന്നത്. പിന്നീട് രക്ഷിതാക്കൾ സ്കൂളിൽ എത്തി ശക്തമായി പ്രതിഷേധിച്ചു. തുടർന്ന് പോലീസ് ഇടപെടുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതികൾക്കെതിരെ പോക്സോ നിയമം ഉൾപ്പെടെ IPC സെക്ഷൻ 74 (സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗം വരുത്തൽ), സെക്ഷൻ 76 (ക്രിമിനൽ ബലപ്രയോഗം) എന്നിവ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. കുട്ടികൾക്കും സാക്ഷികൾക്കും മേൽമൊഴിയെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽمز കൂടുതൽ അന്വേഷണം തുടരുകയാണ്.
Tag: Principal and staff arrested for stripping and searching female students at Maharashtra school