നിവിൻ പോളിയുടെ പരാതി വ്യാജമെന്ന് നിർമാതാവ്; സിനിമയ്ക്ക് മേലുള്ള അവകാശം മാറ്റാൻ നടന്റെ അനുമതി വേണ്ടെന്ന് ഷംനാസ്

നിവിൻ പോളി നായകനായ ‘ആക്ഷൻ ഹീറോ ബിജു 2’ എന്ന സിനിമയുടെ അവകാശം വ്യാജ ഒപ്പിട്ടു സ്വന്തമാക്കി എന്ന പരാതിയിൽ പ്രതികരണവുമായി നിർമാതാവ് പി.എ. ഷംനാസ്. വ്യാജ രേഖകൾ ചമച്ചല്ല ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയതെന്നും ഷംനാസ്. തനിക്കെതിരെയുണ്ടായത് കള്ളക്കേസ്. ആക്ഷൻ ഹീറോ ബിജുവിന്റെ അവകാശം ഫിലിം ചേമ്പറിൽ നിന്നും തന്റെ പേരിലേക്ക് മാറ്റാൻ പോളി ജൂനിയർ പിക്ചേഴ്സിന്റെയോ നിവിൻ പോളിയുടെയോ സമ്മതപത്രം ആവശ്യമില്ല. ഷിബു തെക്കുംപുറം എന്നയാളുടെ പക്കലാണ് അവകാശം ഉണ്ടായിരുന്നത്. അദ്ദേഹമായിരുന്നു ആദ്യ ഭാഗത്തിന്റെ നിർമാതാവ്. അവിടെനിന്നും അത് എബ്രിഡ് ഷൈൻ പ്രൊഡക്ഷൻസിന്റെ പേരിലേക്ക് മാറ്റി.
2024ൽ അവിടെ നിന്നും തന്റെ നിർമാണ കമ്പനിയായ ഇന്ത്യൻ മൂവി മേക്കേഴ്‌സിന്റെ ബാനറിലേക്ക് നിയമപരമായി അവകാശം മാറ്റി. അതിൽ പോളി ജൂനിയർ പിക്ചേഴ്സിന്റെയോ നിവിൻ പോളിയുടെയോ യാതൊരു സമ്മതപത്രവും ആവശ്യമില്ല. ടൈറ്റിൽ തന്റെ നിർമാണ കമ്പനിയിലേക്ക് മാറ്റാൻ നിവിൻ പോളിയുടെയോ അദ്ദേഹത്തിന്റെ നിർമാണ കമ്പനിയുടെയോ ആവശ്യമില്ല.
ഫിലിം ചേംബർ തന്നെ വിലക്കി എന്ന് പറയുന്നത് വ്യാജ വാർത്ത. അതിൽ വാസ്തവമില്ല. ഈ സിനിമയിൽ അഭിനയിച്ചുകൊള്ളാം എന്ന് പറയുന്ന രേഖ മാത്രമാണ് നിവിൻ പോളിയുമായുള്ളത് എന്നും നിർമാതാവ് പ്രതികരിച്ചു. കഴിഞ്ഞ ഏപ്രിൽ 14 മുതൽ 23 വരെ സിനിമയുടെ ഭാഗമായി നിവിൻ പോളി ബംഗാളിൽ അഭിനയിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ അത് പറഞ്ഞിട്ടുണ്ട് എന്നും ഷംനാസ് കൂട്ടിച്ചേർത്തു. ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ല്‍ നിവിന്‍ പോളി, സംവിധായകന്‍ എബ്രിഡ് ഷൈന്‍, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാ അവകാശങ്ങളും നിവിന്‍ പോളിയുടെ നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. ഇക്കാര്യം മറച്ച് വച്ച് ഫിലിം ചേംബറില്‍ നിന്നും ചിത്രത്തിന്‍റെ പേരിന്‍റെ അവകാശം ഷംനാസ് സ്വന്തമാക്കുകയായിരുന്നു. ഇതിനായി നിവിന്‍ പോളിയുടെ ഒപ്പ് വ്യാജമായി ചേര്‍ത്ത രേഖ ഹാജരാക്കി എന്നായിരുന്നു നിവിൻ പോളി പക്ഷം. പാലാരിവട്ടം പോലീസ് കേസ് എടുത്തതായും വിവരമുണ്ട്.