ശബരിമലയിൽ ഇടിമിന്നലേറ്റ് വൈദ്യുതി ബന്ധം നിലച്ചത് 40 മിനിറ്റ് നേരത്തേക്ക് മാത്രമാണെന്ന് പിഎസ് പ്രശാന്ത്
തിരുവനന്തപുരം: ശബരിമലയിൽ ഇടിമിന്നലേറ്റ് വൈദ്യുതി ബന്ധം നിലച്ചത് 40 മിനിറ്റ് നേരത്തേക്ക് മാത്രമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത്. പ്രശ്നം പരിഹരിച്ചെന്നും പിഎസ് പ്രശാന്ത് അറിയിച്ചു. ശബരിമലയിൽ ദർശനത്തിനായി എത്തുന്ന ഭക്തർക്കായി സൗകര്യങ്ങൾക്കായുളള ക്രമീകരണങ്ങൾ ഒരുക്കുകയാണെന്നും അതിനിടയിൽ ചെറിയ പിഴവുകൾ സ്വഭാവികമാണെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.
എന്നാൽ മണിക്കൂറുകളോളം വൈദ്യുതി ഇല്ലായിരുന്നു എന്നാണ് ആ സമയം സന്നിധാനത്തുണ്ടായിരുന്നവർ വ്യക്തമാക്കുന്നത്. നീലിമല മുതല്‍ അപ്പാച്ചിമേടുവരെയുള്ള പാതയിൽ ശനിയാഴ്ച വൈകുന്നേരം ഏഴുമണി മുതൽ പുലർച്ചെ 12.30 വരെ വൈദ്യുതിയില്ലായിരുന്നു എന്നാണ് ഭക്തരുടെയുൾപ്പടെയുള്ള പ്രതികരണം. ഫോൺ വെളിച്ചം ഉപയോഗിച്ചാണ് ഭക്തര്‍ മല കയറുകയും ഇറങ്ങുകയും ചെയ്തതെന്ന് ഭക്തന്മാർ പറയുന്നു. മഴയും തിരക്കുമെല്ലാം ബുദ്ധിമുട്ട് സൃഷ്ടിച്ചെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ തവണയുണ്ടായ പ്രശ്നങ്ങൾ ഇത്തവണയില്ലാതെയാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. തുലാമാസ പൂജക്കായി പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ഭക്തരാണ് സന്നിധാനത്തേയ്ക്ക് എത്തുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും 55,000 പേര്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത് ദര്‍ശനം നടത്തിയിരുന്നു. പടി പൂജയും ഉദയാസ്തമയ പൂജയും നടന്നതിനാൽ കൂടുതൽ സമയം വേണ്ടിവന്നു. അതിനാൽ കുറച്ചധികം നേരം ഭക്തര്‍ക്ക് കാത്തുനില്‍ക്കേണ്ടിവന്നിട്ടുണ്ട്.
വനത്താൽ ചുറ്റപ്പെട്ട ക്ഷേത്രത്തിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങള്‍ക്ക് പരിമിതിയുണ്ട്. കഴിഞ്ഞ തവണ പമ്പയില്‍ മൂന്ന് നടപന്തൽ മാത്രമെ ഉണ്ടായിരുന്നുളളു എന്നുളള പ്രശ്നങ്ങളുണ്ടായിരുന്നു. 1500 പേര്‍ക്ക് മാത്രം വരിനില്‍ക്കാന്‍ പറ്റുന്ന പന്തലില്‍ ആളുകൂടിയപ്പോള്ളാണ് പ്രശ്‌നം രൂക്ഷമായത്. അതിനിപ്പോൾ പ്രശ്നപരിഹാരമായിട്ടുണ്ട്. ഇപ്പോൾ നാല് നടപന്തലിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞാല്‍ ഏഴ് നടപന്തലാകും. 3500 പേര്‍ക്ക് വരെ വരിനില്‍ക്കാന്‍ സാധിക്കുന്ന തരത്തിലായിരിക്കും അതെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.