ഇ പി ജയരാജനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച് പി വി അന്‍വർ
മലപ്പുറം: സിപിഐഎം നേതാവ് ഇ പി ജയരാജനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച് പി വി അന്‍വർ എംഎല്‍എ. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുമടങ്ങുന്ന ഉപജാപക സംഘം ഇ പി ജയരാജനെ കുടുക്കാന്‍ ശ്രമിച്ചതാണെന്ന് പി വി അന്‍വര്‍ പറഞ്ഞു. ഇ പിയെ എങ്ങനെയെങ്കിലും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് ഇവരുടെ നീക്കമെന്നും അന്‍വര്‍ പറഞ്ഞു.
മനുഷ്യരുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരെ ഒഴിവാക്കി മുഹമ്മദ് റിയാസിനെ മുന്നോട്ട് കൊണ്ടുവരികയാണെന്നും അദ്ദേഹം പ്രതികരിച്ചു. തലമുതിര്‍ന്ന നേതാക്കളെ ഉള്‍പ്പടെ പലരെയും മുഖ്യമന്ത്രിയുടെ ഓഫീസ് ലക്ഷ്യം വെക്കുന്നുണ്ടെന്നും ഇ പി ജയരാജന് ഒരു രക്തസാക്ഷിയാണെന്നും അന്‍വര്‍ പറയുന്നു.
‘ഒരു രക്തസാക്ഷിയാണ് ഇ പി ജയരാജന്. ശൈലജ ടീച്ചറെ വടകരയില്‍ കൊണ്ടുപോയി തോല്‍പ്പിച്ചില്ലേ. തോമസ് ഐസക്, കെ കെ ശൈലജ, സുധാകരന് എന്നിവരെയൊക്കെ അങ്ങനെ ഒഴിവാക്കിയതാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് റിയാസിന്റെ നീക്കം’, അന്‍വര്‍ പറഞ്ഞു. ഇ പി ജയരാജന് നിയമനടപടിയിലേക്ക് പോകുമായിരിക്കുമെന്നും വിശദീകരണം അറിയാതെ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ വര്‍ഗീയ വാദിയാണെന്ന് പുസ്തകത്തില്‍ പറഞ്ഞിട്ടില്ലെന്നും ഇ പി ജയരാജന് അത് നിഷേധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇ പിയുടേതെന്ന പേരില്‍ പുറത്ത് വന്ന ‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന ആത്മകഥയുടെ കവര്‍ ചിത്രം ഡിസി ബുക്സ് പുറത്ത് വിട്ടത് വലിയ വിവാദമായിരുന്നു. പുസ്തകത്തിന്റെ പിഡിഎഫ് കോപ്പിയും പ്രചരിപ്പിരുന്നു. ഇതില്‍ രണ്ടാം പിണറായി വിജയന്റെ മന്ത്രിസഭയെക്കുറിച്ചും പി സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചും അന്‍വറിനെക്കുറിച്ചുമുള്ള വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.
സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് വരുന്നവര്‍ വയ്യാവേലിയാണെന്നും പി വി അന്‍വര്‍ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും ഇതില്‍ പറയുന്നു. സരിനെ സ്ഥാനാര്‍ഥിയാക്കിയ തീരുമാനം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കുമെന്നും അന്‍വറിന്റെ പിന്നില്‍ തീവ്രവാദ ശക്തികളാണെന്നും ഇ പിയുടേതെന്ന പേരില്‍ പുറത്ത് വന്ന ആത്മകഥയിലുണ്ട്. എന്നാല്‍ ഇവയെല്ലാം തന്നെ നിഷേധിച്ച ഇ പി ജയരാജന് ഡിസി ബുക്സിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഡിസിക്ക് വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട്.