രാഹുൽ ഗാന്ധി നാളെ സംഭലിലേക്ക്
ന്യൂ ഡൽഹി: മുസ്ലിം പള്ളിയിൽ സർവ്വേയ്ക്ക് അനുമതി നൽകിയതിനെ തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ട സംഭൽ സന്ദർശിക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നാളെ ഉത്തർ പ്രദേശിലെ കോൺഗ്രസ് എംപിമാർക്കൊപ്പമാണ് രാഹുൽ സംഭൽ സന്ദർശിക്കുക.
പ്രിയങ്ക ഗാന്ധി എംപിയും ഒപ്പമുണ്ടാകുമെന്നാണ് വിവരം. നാളെ ഉച്ചയ്ക്ക് ഒരുമണിയോടെ യാത്ര തിരിച്ച്, രണ്ട് മണിയോടെ സംഘം സംഭലിൽ എത്തും. പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ, രാഹുലിനെ തടഞ്ഞേക്കാനും സാധ്യതയുണ്ട്. ഇന്നലെ സംഭൽ സന്ദർശിക്കാൻ ഒരുങ്ങിയ കോൺഗ്രസ് നേതാക്കളെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് സ്ഥലത്ത് വലിയ സംഘർഷാവസ്ഥയും ഉടലെടുത്തിരുന്നു.
അതേസമയം, പാർലമെന്റിൽ അദാനി വിഷയത്തിന് പകരം സംഭൽ ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. ഇന്ന് ഇരു സഭകളിലും ഇൻഡ്യാ മുന്നണി സംഭൽ വിഷയം ഉന്നയിച്ച് പ്രതിഷേധിച്ചു. സംഭലിലേത് വീഴ്ചയല്ല ഗൂഢാലോചനയാണെന്ന് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
സിവില്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്ക് എത്തിയപ്പോള്‍ സംഭല്‍ ഷാഹി ജുമാ മസ്ജിദ് പരിസരത്ത് വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. ഇക്കഴിഞ്ഞ 24-ാം തീയതിയായിരുന്നു സംഭവം. സംഘര്‍ഷത്തിനിടെ നാല് പേര്‍ കൊല്ലപ്പെട്ടു. പൊലീസ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തു എന്നായിരുന്നു പ്രദേശവാസികളുടെ ആരോപണം.
ഹരിഹര്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി നിര്‍മിച്ചതെന്ന ആരോപണവുമായി അഭിഭാഷകരായ വിഷ്ണു ശങ്കര്‍ ജെയിനും പിതാവ് ഹരിശങ്കര്‍ ജെയിനുമാണ് സിവില്‍ കോടതിയെ സമീപിച്ചത്. ഗ്യാന്‍വാപി-കാശി വിശ്വനാഥ ക്ഷേത്രം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ മസ്ജിദുകള്‍ക്കെതിരെ ഹര്‍ജി നല്‍കിയത് വിഷ്ണു ശങ്കറും ഹരിശങ്കറുമായിരുന്നു. ഹരിഹര്‍ മന്ദിര്‍ എന്നറിയപ്പെടുന്ന ക്ഷേത്രം മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ തകര്‍ക്കുകയും അവിടെ മസ്ജിദ് പണിയുകയായിരുന്നു എന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ഹര്‍ജി പരിഗണിച്ച സിവില്‍ കോടതി കമ്മീഷണറുടെ നേതൃത്വത്തില്‍ സര്‍വേ നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.