പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ തനിക്ക് ഉറച്ച വിജയപ്രതീക്ഷയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ തനിക്ക് ഉറച്ച വിജയപ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് മതേതരത്വം കാത്തുപിടിക്കുമെന്നും ജനങ്ങൾ നേരത്തെ തീരുമാനമെടുത്തിട്ടുള്ളതാണെന്നും രാഹുൽ പറഞ്ഞു. മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം.
സിറാജ്, സുപ്രഭാതം പത്രത്തിലെ എൽഡിഎഫ് പരസ്യത്തെയും രാഹുൽ വിമർശിച്ചു. ഗൗരവതരമായ വിഷയമാണെന്നും എങ്ങനെയാണ് ഓരോ പത്രത്തിൽ വെവ്വേറെ പരസ്യങ്ങൾ വരുന്നതെന്നും രാഹുൽ ചോദിച്ചു. സിപിഐഎം എന്ത് വിവാദം ഉണ്ടാക്കിയാലും ജനങ്ങൾ അതൊന്നും കാര്യമായിട്ടെടുക്കാൻ പോകുന്നില്ലെന്നും, മണ്ഡലത്തിൽ വോട്ട് ചെയ്യാനാകാത്തതിൽ സ്വാഭാവികമായ ഒരു വിഷമമുണ്ടെന്നും രാഹുൽ പറഞ്ഞു. വളഞ്ഞ വഴിയിലൂടെ വോട്ട് ചേർക്കാൻ തനിക്ക് താത്പര്യമില്ലെന്നും പൊതുപ്രവർത്തകർ ഇത്തരം കാര്യങ്ങളിൽ കുറച്ച് ധാർമികത പുലർത്തണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ പാണക്കാട് തങ്ങൾ വിമർശനത്തെയും രാഹുൽ വിമർശിച്ചു. ഇത് വഴി സിപിഐഎം ബിജെപിയെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും, ആർഎസ്എസിനെ കുറിച്ച് പറയുമ്പോൾ മുഖ്യമന്ത്രി തീവ്രവാദ നിലപാട് എന്ന് പറയുന്നത് താൻ കേട്ടിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
സന്ദീപ് വാര്യർ പരസ്യ വിവാദത്തിലും രാഹുൽ പ്രതികരിച്ചു. സുരേന്ദ്രനെതിരെയോ മറ്റ് ബിജെപി നേതാക്കൾക്കെതിരെയോ എന്തുകൊണ്ടാണ് ഇത്തരത്തിൽ പരസ്യം നൽകാത്തതെന്നും ആർഎസ്എസ് വിട്ട് കോൺഗ്രസിലേക്ക് വന്ന സന്ദീപിനെ ഉന്നം വെയ്ക്കുന്നത് എന്തിനെന്നും രാഹുൽ ചോദിച്ചു.