റെക്കോർഡ് ഭൂരിപക്ഷത്തിൽ പാലക്കാട് നിലനിർത്തി രാഹുൽ
പാലക്കാട്: പാലക്കാട് തിരഞ്ഞെടുപ്പ് ഫലം പൂർണാമായപ്പോൾ യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് ത്രസിപ്പിക്കുന്ന വിജയമാണ് സ്വന്തമായത്. ഷാഫി പറമ്പിലിന്‍റെ എക്കാലത്തെയും വലിയ വിജയത്തെയും പിന്നിലാക്കി, റെക്കോഡ് ജയമാണ് രാഹുൽ പിടിച്ചെടുത്തത്. അന്തിമ ഫലം അനുസരിച്ച് നിലവിൽ 18715 വോട്ടുകൾക്കാണ് രാഹുൽ വിജയിച്ചത്. 2016 ൽ 17483 വോട്ടുകൾക്ക് ജയിച്ചതായിരുന്നു പാലക്കാട്ടെ ഷാഫിയുടെ ഏറ്റവും വലിയ വിജയം. 2021 ലെ ഷാഫിയുടെ ഭൂരിപക്ഷത്തിന്‍റെ നാലിരട്ടിയോളം ഭൂരിപക്ഷത്തിൽ രാഹുലിനെ വിജയിപ്പിക്കാനായത് യു ഡി എഫിനും വലിയ നേട്ടമായി.
അതേസമയം ബി ജെ പിക്കാണ് കനത്ത തിരിച്ചടിയേറ്റത്. പാലക്കാട് ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന സി കൃഷ്ണകുമാറിനെ നിയമസഭ ഉപതിരഞ്ഞെടുപ്പിലിറക്കി നേട്ടമുണ്ടാക്കാമെന്ന ബി ജെ പിയുടെ പ്രതീക്ഷകൾക്ക് വലിയ പ്രഹരമാണ് ഏറ്റത്. എ ക്ലാസ് എന്ന് ബി ജെ പി കരുതുന്ന മണ്ഡലത്തിൽ ഒറ്റയടിക്ക് പതിനായിരത്തോളം വോട്ടുകളാണ് കുറഞ്ഞത്. പാലക്കാട്ടെ താമരക്കോട്ടകളിൽ രാഹുൽ മാങ്കൂട്ടത്തിൽ കടന്നുകയറിയതോടെ 9626 വോട്ടുകളാണ് ഒറ്റയടിക്ക് ബി ജെ പിക്ക് നഷ്ടമായത്. കഴിഞ്ഞ തവണ ഈ ശ്രീധരൻ 49155 വോട്ടുകൾ നേടിയപ്പോൾ ഇക്കുറി കൃഷ്ണകുമാറിന് 39529 വോട്ടുകൾ മാത്രമാണ് നേടാനായത്. രണ്ടാം സ്ഥാനം നഷ്ടമായില്ല എന്നത് മാത്രമാണ് ബി ജെ പിക്ക് ആശ്വസിക്കാനുള്ളത്.
അതേസമയം സരിന്‍റെ വരവ് ഇടത് മുന്നണിക്ക് നേട്ടമായി എന്നാണ് വിലയിരുത്തലുകൾ. കഴിഞ്ഞ തവണത്തേക്കാൾ രണ്ടായിരത്തഞ്ഞൂറോളം വോട്ടുകൾ അധികം നേടാൻ സരിനിലൂടെ എൽ ഡി എഫിന് സാധിച്ചു. കഴിഞ്ഞ തവണ എൽ ഡി എഫിന് 35622 വോട്ടുകളായിരുന്നെങ്കിൽ ഇക്കുറി 37458 വോട്ടുകളാണ് ഇടത് പെട്ടിയിൽ വീണത്. ബി ജെ പിയുമായുള്ള അന്തരം കേവലം 2071 വോട്ടുകളിലേക്ക് എത്തിക്കാനും സരിനിലൂടെ എൽ ഡി എഫിന് സാധിച്ചു. കഴിഞ്ഞ തവണ ഈ അന്തരം 13533 വോട്ടുകളായിരുന്നു എന്നത് തിരിച്ചറിയുമ്പോളാണ് സരിന്‍റെ വരവ് ഇടത് ക്യാംപിന് എത്രത്തോളം ഗുണമായെന്നത് വ്യക്തമാകുക.