രാജ്നാഥ് സിങ്ങും ഡോങ് ജുന്നും അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തിയേക്കും
ഡൽഹി: പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ചൈനീസ് പ്രതിരോധമന്ത്രി ഡോങ് ജുന്നും അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തിയേക്കും. ലാവോസിൽ ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിൽ ഇരുവരും പങ്കെടുക്കുന്നുണ്ട്.
കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രദേശത്തു നിന്നുള്ള സേനാ പിന്മാറ്റം ദിവസങ്ങൾ മുൻപാണു പൂർത്തിയായത്. കൂടിക്കാഴ്ചയ്ക്കു ചൈനയാണ് നിർദേശിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
ഈ മാസം ആദ്യം, കിഴക്കൻ ലഡാക്കിലെ ഡെംചോക്കിലെയും ഡെപ്‌സാങ്ങിലെയും സംഘർഷ പോയിൻ്റുകളിൽ ഇന്ത്യയും ചൈനയും സംയുക്ത പട്രോളിംഗ് നടത്തിയിരുന്നു. ഗാൽവാൻ താഴ്‌വരയിൽ 2020-ലെ ഏറ്റുമുട്ടൽ മുതൽ പുകയുന്ന പിരിമുറുക്കം നിയന്ത്രിക്കാൻ പ്രതിവാര കോർഡിനേറ്റഡ് പട്രോളിംഗിന് ഇരുപക്ഷവും സമ്മതിക്കുകയായിരുന്നു.
2020 ജൂണിൽ ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് ആരംഭിച്ച സൈനിക തർക്കം അവസാനിപ്പിക്കുന്നതിൽ ചൈനയുമായി കരാറിലെത്തിയതായി ഒക്ടോബർ 21 ന് ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.