റെക്കോർഡിട്ട് സ്വർണ്ണവില; പവന് മുക്കാൽ ലക്ഷം രൂപ കടന്നു!

സംസ്ഥാനത്ത് ഇന്ന് സ്വർണവില റെക്കോർഡിൽ. ഒറ്റയടിക്ക് 760 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത് ഇതോടെ സ്വർണവില മുക്കാൽ ലക്ഷം കഴിഞ്ഞു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 75,040 രൂപയാണ്.
40 ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണ്ണവിലയിൽ വീണ്ടും റെക്കോർഡ് രേഖപ്പെടുത്തിയത്. കഴിഞ്ഞമാസം 14ാം തീയതി ആയിരുന്നു ഏറ്റവും ഉയർന്ന വില. അതിനുശേഷം വില ഒമ്പതിനായിരത്തിൽ താഴോട്ടു പോകാതെ നിൽക്കുകയും പിന്നീട് തിരിച്ചു കയറുകയും ആണ് ചെയ്തത്. ഏപ്രിൽ 22ന് അന്താരാഷ്ട്ര സ്വർണ്ണവില 3500 ഡോളർ എന്ന റെക്കോർഡിൽ എത്തിയപ്പോൾ രൂപയുടെ വിനിമയ നിരക്ക് 84.75 ലായിരുന്നതിനാൽ സ്വർണ്ണവില 9310 രൂപയിലായിരുന്നു. ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 81500 രൂപ നൽകേണ്ടിവരും.
യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിൻറെ ഇന്നലത്തെ പ്രഖ്യാപനങ്ങളാണ് വിലവർധനവിന് കാരണമായിട്ടുള്ളത്. പലിശ നിരക്കുകൾ സംബന്ധിച്ചോ, അദ്ദേഹത്തിൻറെ രാജി സംബന്ധിച്ചോ യാതൊരു സൂചനയും ഇന്നലെ നൽകിയിരുന്നുo ഇല്ല. 3460 ഡോളർ മറികടന്നാൽ 3500 കടന്ന് മുന്നോട്ടു കുതിച്ചേക്കുമെന്ന് സൂചനകളാണ് വരുന്നത്.