സിപിഐഎം നയം മാറ്റത്തിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: സിപിഐഎം നയം മാറ്റത്തിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ‘ഇൻഡ്യ’ സഖ്യകക്ഷികളോടും കോൺഗ്രസിനോടുമുള്ള നയത്തിലും പാർട്ടി പ്രവർത്തനങ്ങളിലുമാണ് മാറ്റം വരുന്നത്. പാർട്ടി കോൺഗ്രസിനുള്ള രാഷ്ട്രീയ അവലോകന റിപ്പോർട്ടിലാണ് നയം മാറ്റത്തെപ്പറ്റി പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് വരെയുണ്ടായ മൃദുസമീപനങ്ങൾ ഇനി വേണ്ടായെന്ന് റിപ്പോർട്ടിലുണ്ട്. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടുകളെ കൂടുതൽ തുറന്നുകാട്ടണമെന്നും ‘ഇൻഡ്യ’ സഖ്യവുമായി സഹകരിക്കുന്നത് പാർലമെന്റിലും ചില തിരഞ്ഞെടുപ്പുകളിലും മാത്രം ഒതുങ്ങണം എന്നും റിപ്പോർട്ടിൽ പറയുന്നു.
ഹിന്ദുത്വ ശക്തികളുടെ നയങ്ങളെ തുറന്നുകാട്ടണമെന്നും, ഇസ്ലാമിക മതമൗലിക വാദത്തെ ശക്തമായി ചെറുക്കണമെന്നും റിപ്പോർട്ടിലുണ്ട്. സോഷ്യലിസത്തിലൂന്നി സ്വതന്ത്ര ശക്തി വർധിപ്പിക്കണമെന്നും ഇടതു പാർട്ടികളുടെ ഐക്യത്തിന് മുഖ്യമായും പ്രാധാന്യം നൽകണമെന്നും റിപ്പോർട്ടില് പറയുന്നുണ്ട്.
ബിജെപി എന്ന പൊതുശത്രുവിനെ തോൽപിക്കാൻ, അവർക്കെതിരെയുളള രാഷ്ട്രീയസഖ്യങ്ങൾ ശക്തിപ്പെടണം എന്നതായിരുന്നു സീതാറാം യെച്ചൂരിയുടെ നിലപാട്. ഇതനുസരിച്ച് ഇൻഡ്യ സഖ്യ പ്രതിഷേധങ്ങളുടെ നിരവധി വേദികളിൽ യെച്ചൂരി സിപിഎഐഎമ്മിന്റെ സാനിധ്യം ഉറപ്പാക്കിയിരുന്നു. ഇവയിൽ നിന്നെല്ലാം പാർട്ടി മാറുന്നുവെന്ന സൂചനകൾ നൽകുന്നതും, ഇടതുപാർട്ടികളുടെ അസ്തിത്വം ഉറപ്പാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ട്.
എന്നാൽ രാഷ്ട്രീയ നയമാറ്റം എന്ന മാധ്യമവാർത്തകൾ തള്ളിയാണ് പിബി അംഗം എം എ ബേബി രംഗത്തെത്തിയത്. ഇത്തരം മാധ്യമ റിപ്പോർട്ടുകളെല്ലാം മഠയത്തരമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോൾ പബ്ലിസിറ്റി ലഭിക്കാൻ ഇതുപോലത്തെ മഠയത്തരങ്ങൾ എഴുതിവിടുന്നത് കൊണ്ട് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നയം മാറ്റം ചർച്ച ചെയ്തിട്ടേയില്ല എന്നായിരുന്നു പ്രകാശ് കാരാട്ടിന്റെ പ്രതികരണം.