റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര പുതിയ ആർബിഐ ഗവർണർ
ന്യൂഡൽഹി: അടുത്ത റിസർവ് ബാങ്ക് ഗവർണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ കേന്ദ്ര സർക്കാർ നിയമിച്ചു. ചൊവ്വാഴ്ച (ഡിസംബർ 10- 2024) കാലാവധി തീരുന്ന ശക്തികാന്ത ദാസിന് പിൻഗാമിയായാണ് സഞ്ജയ് മൽഹോത്രയെ നിയമിച്ചത്.
1990 ബാച്ച് രാജസ്ഥാൻ കേഡർ ഐഎഎസ് ഓഫിസറാണ് സഞ്ജയ് മൽഹോത്ര. ആർബിഐയുടെ 26-ാമത് ഗവർണറാണ് ഇദ്ദേഹം.
‘11.12.2024 മുതൽ മൂന്ന് വർഷത്തേക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണറായി റവന്യൂ വകുപ്പ് സെക്രട്ടറി സഞ്ജയ് മൽഹോത്ര ഐഎഎസ് നിയമനം കാബിനറ്റിൻറെ അപ്പോയിൻറ്മെൻറ് കമ്മിറ്റി അംഗീകരിച്ചു’ എന്ന് ഔദ്യോഗിക ഉത്തരവിൽ പറയുന്നു.
കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എഞ്ചിനീയറിങ് ബിരുദധാരിയായ മൽഹോത്ര, യുഎസിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
33 വർഷത്തിലേറെ നീണ്ട കരിയറിൽ വൈദ്യുതി, ധനകാര്യം, നികുതി, വിവര സാങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ധനകാര്യ മന്ത്രാലയത്തിന് കീഴിൽ ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്മെൻറ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.
സംസ്ഥാനത്തെയും കേന്ദ്ര സർക്കാരിലെയും ധനകാര്യത്തിലും നികുതിയിലും അനുഭവ സമ്പത്തുള്ള വ്യക്തിയാണ് സഞ്ജയ് മൽഹോത്ര. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, രഘുറാം രാജൻ, ബിമൽ ജലാൻ, ഉർജിത് പട്ടേൽ, ഡി. സുബ്ബറാവു, ഡോ. വൈ.വി. റെഡ്ഡി, ഡോ. സി. രംഗരാജൻ, എസ്. ജഗനാഥൻ എന്നിവരടങ്ങുന്ന പട്ടികയിലേക്കാണ് സഞ്ജയ് മൽഹോത്രയും ചേരുന്നത്.