റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ ഇന്ത്യയിലേക്ക്
ന്യൂഡൽഹി: റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ വൈകാതെ തന്നെ ഇന്ത്യ സന്ദർശിക്കാനായി എത്തും. അദ്ദേഹത്തിൻ്റെ സന്ദർശന തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ക്രെംലിൻ അറിയിച്ചു. ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവിനെ ഉദ്ധരിച്ച് റഷ്യൻ മാധ്യമമായ സ്പുട്നിക് ആണ് പുടിന്റെ ഇന്ത്യ സന്ദർശനം വൈകാതെ തന്നെ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് റഷ്യൻ സന്ദർശനങ്ങൾക്ക് ശേഷമാണ് വ്ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശനത്തിനായി തയ്യാറെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം ആദ്യം കസാനിൽ 16-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനായിരുന്നു നരേന്ദ്രമോദി പുടിനെ ക്ഷണിച്ചിരുന്നത്.
അതേസമയം ഇന്ത്യയുടെ പ്രാദേശിക കാര്യങ്ങളിൽ ഇടപെടാൻ റഷ്യ ആഗ്രഹിക്കുന്നില്ല എന്നും ദിമിത്രി പെസ്കോവ് ഇന്നലെ നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയും ചൈനയും തമ്മിലുള്ള വിഷയങ്ങളിൽ റഷ്യ ഇടപെടില്ല. ഒരു രാജ്യത്തിന്റെയും പ്രാദേശിക കാര്യങ്ങളിൽ റഷ്യ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. അമേരിക്കയും അങ്ങനെ ആകണമെന്നാണ് റഷ്യ ആഗ്രഹിക്കുന്നത്. ചൈനയുമായുള്ള ബന്ധം എങ്ങനെ വേണമെന്ന് ഇന്ത്യയോടോ ഇന്ത്യയുമായുള്ള ബന്ധം എങ്ങനെ വേണമെന്ന് ചൈനയോടോ റഷ്യ അഭിപ്രായപ്പെടില്ല എന്നും ദിമിത്രി പെസ്കോവ് വ്യക്തമാക്കി.