സാംസങ് ഗാലക്സി എസ്26 അള്‍ട്രാ കൂടുതല്‍ സവിശേഷതകളോടെ

സാംസങ് ഗാലക്സി എസ് ഫ്ലാഗ്ഷിപ്പ് ലൈനപ്പില്‍ വമ്പന്‍ ബാറ്ററി അപ്ഗ്രേഡിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന സാംസങ് ഗാലക്സി എസ്26 അള്‍ട്രാ 5ജി കൂടുതല്‍ കരുത്തുറ്റ ബാറ്ററിയും വേഗമാര്‍ന്ന ചാര്‍ജിംഗ് സംവിധാനവും അവതരിപ്പിക്കുമെന്നാണ് ലീക്കുകള്‍ സൂചിപ്പിക്കുന്നത്. 2020ന് ശേഷം ആദ്യമായാണ് സാംസങ് ഗാലക്സി എസ് ഫ്ലാഗ്ഷിപ്പ് ശ്രേണിയില്‍ ബാറ്ററി അപ്ഗ്രേഡിന് തയ്യാറെടുക്കുന്നത്.
ഗാലക്സി നിലവില്‍ എസ് സീരീസ് അള്‍ട്രാ വേരിയന്റില്‍ സാംസങ് 5000 എംഎഎച്ച് ബാറ്ററിയും 45 വാട്സ് വേഗമാര്‍ന്ന ചാര്‍ജറുമാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. 2026ല്‍ പുറത്തിറങ്ങുന്ന ഗാലക്സി എസ്26 അള്‍ട്രാ 5ജിയില്‍ 5500 എംഎഎച്ചിന്റെ ബാറ്ററിയും 65 വാട്സ് ഫാസ്റ്റ് ചാര്‍ജറും ഉള്‍പ്പെടുമെന്ന് ടിപ്സ്റ്ററായ @chunvn8888 എക്സില്‍ പോസ്റ്റ് ചെയ്തു. സാംസങ് ഈ ഫോണില്‍ കൂടുതല്‍ വേഗമാര്‍ന്ന ചാര്‍ജര്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ ടിപ്സ്റ്ററായ ഫോണ്‍ ആര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ രണ്ട് റിപ്പോര്‍ട്ടുകളും സത്യമെങ്കില്‍ 10 ശതമാനം അധിക ബാറ്ററിയും 45 ശതമാനം ചാര്‍ജിംഗ് വേഗക്കൂടുതലും സാംസങ് ഗാലക്സി എസ്26 അള്‍ട്രായില്‍ വരും. 2020 മുതല്‍ അള്‍ട്രാ മോഡലുകളില്‍ സാംസങ് സാംസങ് 5000 എംഎഎച്ച് ബാറ്ററിയാണ് ചേര്‍ത്തിരുന്നത്.
ഇതിന് പുറമെ മറ്റ് ചില അപ്ഗ്രേഡുകളും സാംസങ് ഗാലക്സി എസ്26 അള്‍ട്രായില്‍ വരുമെന്ന് സൂചനയുണ്ട്. ക്യാമറകളിലും പെര്‍ഫോമന്‍സിലും മാറ്റങ്ങള്‍ വരുമെന്നാണ് സൂചന. മാത്രമല്ല. ഡിസൈനിലും സാംസങ് മാറ്റത്തിന് ഒരുങ്ങുകയാണ്. കൂടുതല്‍ സ്ലിമ്മും ഭാരക്കുറവുമുള്ള മോഡലായിരിക്കും ഗാലക്സി എസ്26 അള്‍ട്രാ. 1/1.1 ഇഞ്ച് സോണി ക്യാമറ സെന്‍സറും 200 എംപി റെസലൂഷനും തുടരുമെങ്കിലും 12 എംപി ടെലിഫോട്ടോ ലെന്‍സ് ഇതിനൊപ്പം ചേര്‍ക്കാനിടയുണ്ട്. മുമ്പ് ഇത് 10 എംപിയുടേതായിരുന്നു. 16 ജിബി റാമുമായി സംയോജിപ്പിച്ച സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 2 പ്രോസസറാണ് ഈ ഫോണില്‍ പ്രതീക്ഷിക്കുന്നത്.