Latest News

സന്ദീപ് വാര്യര്‍ ഗാന്ധി വധത്തെ ന്യായീകരിച്ച നേതാവാണ്; കെ മുരളീധരന്‍

 സന്ദീപ് വാര്യര്‍ ഗാന്ധി വധത്തെ ന്യായീകരിച്ച നേതാവാണ്; കെ മുരളീധരന്‍

തിരുവനന്തപുരം: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ എതിര്‍പ്പ് പരസ്യമാക്കി കെ മുരളീധരന്‍. സന്ദീപ് വാര്യര്‍ ഗാന്ധി വധത്തെ ന്യായീകരിച്ച നേതാവാണെന്നും അദ്ദേഹം രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി വിമര്‍ശിച്ചിട്ടുണ്ടെന്നും കെ മുരളീധരന്‍ ചൂണ്ടിക്കാണിച്ചു.

‘ഞാന്‍ അച്ചടക്കമുള്ള പാര്‍ട്ടി നേതാവാണ്. അദ്ദേഹത്തെ പാർട്ടിയിൽ എടുക്കാൻ തീരുമാനിച്ച സ്ഥിതിക്ക് അത് അംഗീകരിക്കുന്നു. കൂടുതലൊന്നും പറയാനില്ല. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ വരുന്നത് അറിഞ്ഞത് ടിവിയിലൂടെയാണ്. ഞാന്‍ അറിയപ്പെടുന്ന ഒരു കോണ്‍ഗ്രസ് നേതാവല്ല, സാധാരണ പ്രവർത്തകനാണ്’, കെ മുരളീധരന്‍ പറഞ്ഞു.

ഒരു നേതാവ് പാര്‍ട്ടി മാറുന്നതില്‍ അത്ഭുതമൊന്നുമില്ല. നാളെ സുരേഷ് ഗോപിയോ രാജീവ് ചന്ദ്രശേഖറോ ജോര്‍ജ് കുര്യനോ കോണ്‍ഗ്രസില്‍ വന്നാല്‍ അവരെ സ്വാഗതം ചെയ്യും. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് വരുന്നത് സ്വാഭാവികമാണ്. ജനാധിപത്യത്തില്‍ പതിവുള്ള ഏര്‍പ്പാടാണ് അതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ മുതല്‍ കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇനി പറയാം. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ വന്നില്ലെങ്കിലും പാലക്കാട് വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമായിരുന്നു. പാലക്കാട് കോണ്‍ഗ്രസിന് 100 ശതമാനം വിജയം ഉറപ്പാണ്. പാലക്കാട് മണ്ഡലത്തെ വ്യക്തമായി പഠിച്ചയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

സന്ദീപ് വാര്യർ കോൺ​ഗ്രസിൽ വന്നത് നല്ല കാര്യമാണന്നും രണ്ടാഴ്ച മുമ്പ് വന്നാൽ പ്രിയങ്ക ​ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാമായിരുന്നുവെന്നും കെ മുരളീധരൻ നേരത്തെ പറഞ്ഞിരുന്നു. അത് രാഹുൽ ഗാന്ധിയോട് ചെയ്ത തെറ്റിന് ക്ഷമാപണം ആകുമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. സ്നേഹത്തിൻറെ കടയിലെ മെമ്പർഷിപ്പ് എപ്പോഴും നിലനിർത്തണം. വീണ്ടും വെറുപ്പിൻറെ കടയിൽ മെമ്പർഷിപ്പ് എടുക്കാൻ പോകരുത്. ഗാന്ധിവധം സംബന്ധിച്ച പരാമർശം ബിജെപിക്ക് വേണ്ടി പറഞ്ഞുവെന്നാണ് അദ്ദേഹം പറയുന്നത്. ഇനി അതിനെപ്പറ്റി ആലോചിക്കേണ്ടതില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞതും കെ മുരളീധരൻ ചൂണ്ടിക്കാണിച്ചു.

ഇന്ന് പാണക്കാടെത്തി മുസ്ലിം ലീഗ് നേതാക്കളുമായും സന്ദീപ് വാര്യർ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ വാക്കുകൾ ആവർത്തിച്ചായിരുന്നു സന്ദീപ് വാര്യർ കോൺഗ്രസിലെത്തിയത്. ബിജെപി വെറുപ്പിന്റെ ഫാക്ടറിയാണെന്നും മനം മടുത്തെന്നും സന്ദീപ് പറഞ്ഞിരുന്നു. സന്ദീപ് വാര്യർ കഴിഞ്ഞ കാലങ്ങളിലെ നിലപാടുകളെല്ലാം മാറ്റി സൗഹാര്‍ദത്തിന്റെയും മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റേയും രാഷ്ട്രീയ ഭൂമിയിലേക്ക് അദ്ദേഹം കടന്നുവന്നിരിക്കുകയാണ് എന്നായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. ബിജെപിയാണ് അവസാന അഭയകേന്ദ്രമെന്ന ചിന്താഗതിക്കാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേരുന്നതോടെ മാറ്റം വരുന്നത് എന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes