കോണ്‍ഗ്രസിന്റെ ഐഡിയോളജി പ്രചരിപ്പിക്കാന്‍ സന്ദീപ് വാര്യരെ മുന്നില്‍ നിര്‍ത്തും; വി ഡി സതീശന്‍
പാലക്കാട്: ബിജെപിയില്‍ നിന്ന് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരെ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ കോണ്‍ഗ്രസ് ആവേശത്തോടെ സന്ദീപ് വാര്യരെ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രത്യയശാസ്ത്രത്തിലെ വ്യത്യാസം കാരണമാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് വന്നതെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.
‘വെറുപ്പിന്റെ കട വിട്ട് അദ്ദേഹം സ്‌നേഹത്തിന്റെ കടയിലേക്ക് വരുന്നുവെന്നാണ് പത്ര സമ്മേളനത്തില്‍ പറഞ്ഞത്. ഭിന്നിപ്പും വിഭജനവുമുണ്ടാക്കാന്‍ വേണ്ടി മനുഷ്യരെ തമ്മില്‍ ശത്രുക്കളാക്കുന്ന പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് സ്‌നേഹത്തിന്റെ പ്രത്യയശാസ്ത്രത്തിലേക്ക് ഒരാള്‍ വന്നു. കോണ്‍ഗ്രസിന്റെ ഐഡിയോളജി പ്രചരിപ്പിക്കാന്‍ സന്ദീപ് വാര്യരെ മുന്നില്‍ നിര്‍ത്തും’, അദ്ദേഹം പറഞ്ഞു.
പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍ പാര്‍ട്ടി വിട്ടുപോയതിന് സമാന രീതിയിലല്ല സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് വന്നതെന്ന് അദ്ദേഹം പറഞ്ഞു. സീറ്റിന് വേണ്ടിയല്ല സന്ദീപ് വന്നതെന്നും പ്രത്യയ ശാസ്ത്ര വ്യത്യാസമാണ് പാര്‍ട്ടി മാറ്റത്തിന്റെ കാരണമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
‘ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ട് പോയത് കോണ്‍ഗ്രസില്‍ സീറ്റ് നല്‍കാത്തതിനാലാണ്. പിന്നീട് അദ്ദേഹം ബിജെപിയിലേക്ക് പോയി. അവരും സീറ്റ് നല്‍കിയില്ല. അതുകൊണ്ട് ഇ പി ജയരാജന്‍ പറഞ്ഞതു പോലെ അവസരവാദിയായ ഒരാള്‍ ഇരുണ്ട് നേരം വെളുക്കുന്നതിന് മുമ്പ് മറുകണ്ടം ചാടി സ്ഥാനാര്‍ത്ഥിയായതാണ്. അത് അധികാര മോഹം കൊണ്ട് പോയതാണ്. സന്ദീപ് വാര്യര്‍ക്ക് ഒരു സ്ഥാനവും കൊടുക്കാമെന്ന് പറഞ്ഞിട്ടില്ല. ബിജെപി സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചല്ല അദ്ദേഹം കോണ്‍ഗ്രസിലേക്ക് വന്നത്. പ്രത്യയശാസ്ത്രപരമായ അഭിപ്രായ വ്യത്യാസമാണ് കാരണം. ഈ രണ്ട് പേരെയും ഒരു പോലെ കാണരുത്’, വി ഡി സതീശന്‍ പറഞ്ഞു.
സന്ദീപ് വാര്യര്‍ നേരത്തെ പ്രയോഗിച്ച വാക്കുകള്‍ ബിജെപി പ്രത്യയ ശാസ്ത്രത്തിലുള്ളതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആ പ്രത്യയശാസ്ത്രം തന്നെ അദ്ദേഹം ഉപേക്ഷിക്കുകയാണെന്നും അങ്ങനെയൊരാള്‍ അത് ഉപേക്ഷിക്കുമ്പോള്‍ അതിനെ പ്രേരിപ്പിക്കുകയല്ലേ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് സന്ദീപ് വാര്യര്‍ വരുന്നത് ഗുണം ചെയ്യുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ‘ബിജെപി സിപിഐഎം അവിഹിത ബന്ധം പ്രതിപക്ഷം ആരോപിക്കുന്ന കാര്യമാണ്. ബിജെപി വിട്ടും സിപിഐഎം വിട്ടും ആളുകള്‍ പുറത്ത് വരുമ്പോള്‍ ഞങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ അടിവരയിടുകയല്ലേ. കെ സുരേന്ദ്രനും പിണറായി വിജയനും തമ്മിലുള്ള ബന്ധം, രണ്ട് കേസുകളില്‍ നിന്ന് പിണറായി വിജയന്‍ കെ സുരേന്ദ്രനെ ഒഴിവാക്കിയ സംഭവമെല്ലാം പുറത്ത് വന്നല്ലോ. ഞങ്ങള്‍ പറഞ്ഞതെല്ലാം ശരിയായിരുന്നുവെന്ന് വരികയാണ്. കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും എടുത്തിരുന്ന രാഷ്ട്രീയമായ നിലപാടുകളെ ശരിവക്കുന്നതാണ് ഇതെല്ലാം’, വി ഡി സതീശന്‍ പറഞ്ഞു.
പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി സന്ദീപ് പ്രചരണത്തിനിറങ്ങുമെന്നും സതീശന്‍ പറഞ്ഞു. മുന്‍ മന്ത്രി എ കെ ബാലന്‍ പറഞ്ഞത് പോലെ സന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ ക്ലിയറായ ആളാണെന്നും അദ്ദേഹം നല്ല പൊട്ടന്‍ഷ്യലുള്ളയാളാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തെ മാറ്റിനിര്‍ത്തില്ലെന്നും സന്ദീപ് വാര്യരെടുത്ത നിലപാടിന്റെ രാഷ്ട്രീയത്തെ എല്ലാ വിഭാഗം ആളുകളും സ്വാഗതം ചെയ്യുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.