പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് വീണ്ടും ശശിതരൂർ; ‘മോദി വ്യക്തിപ്രഭാവമുള്ള നേതാവ്’

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് വീണ്ടും ശശി തരൂർ എംപി. മോദി വ്യക്തിപ്രഭാവമുള്ള നേതാവാണെന്നും കോൺഗ്രസിൻറെ ഇടതുപക്ഷ നയങ്ങളിൽ നിന്നും രാജ്യം ശക്തമായ ദേശീയതയിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപ്രഭാവമുള്ള നേതാവിൻറെ നേതൃത്വത്തിലും കേന്ദ്രീകൃത ഭരണത്തിലുമാണ് ഇത് സാധ്യമായതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. ലണ്ടനിലെ ജിന്റൽ ഗ്ലോബൽ സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് തരൂർ ഈ പരാമർശം നടത്തിയത്.
അടിയന്തരാവസ്ഥയെ വിമർശിച്ചുള്ള ലേഖനത്തിന് പിന്നാലെയാണ് മോദി പരാമർശം. ഇന്ദിരാ ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കും എതിരെ കടുത്ത വിമർശനങ്ങളാണ് ലേഖനത്തിൽ ഉള്ളത്. ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കാലത്ത് നടന്ന ക്രൂരതകളാണ് ലേഖനത്തിൽ വിമർശിക്കപ്പെട്ടിരിക്കുന്നത്. ആദ്യ രണ്ട് ഘട്ടങ്ങളിലും പാര്‍ലമെന്റില്‍ മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്ന കോണ്‍ഗ്രസ് എംപിയായിരുന്നു ശശി തരൂര്‍. എന്നാല്‍ മൂന്നാം മോദി സര്‍ക്കാരിനെതിരെ മൃദുസമീപനമാണ് തരൂര്‍ കൈക്കൊണ്ടിരുന്നത്. ഇത് പാര്‍ലമെന്റിലും പാര്‍ട്ടിയിലും ചുമതലകള്‍ ലഭിക്കാത്തതിനാലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
കഴിഞ്ഞ ആറുമാസക്കാലമായി തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രതികരണങ്ങള്‍ നടത്തുമ്പോഴും പാര്‍ട്ടി നടപടികളിലേക്ക് നീങ്ങിയിരുന്നില്ല. നാലാംവട്ടം തിരുവനന്തപുരത്തുനിന്നും വിജയിച്ചവേളയില്‍ പാര്‍ലമെന്റില്‍ ഉപനേതാവായി പരിഗണിക്കപ്പെടുമെന്ന് തരൂര്‍ കരുതിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് തരൂരിന്റെ ആഗ്രഹങ്ങള്‍ക്കൊപ്പമായിരുന്നില്ല. വര്‍ക്കിംഗ് കമ്മിറ്റി അംഗമാണെങ്കിലും ദേശീയതലത്തില്‍ തരൂരിന് ചുമതലകള്‍ ഒന്നും നല്‍കിയിരുന്നില്ല. പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്നും തരൂരിനെ മാറ്റിയതും, യൂത്ത് കോണ്‍ഗ്രസിന്റെ ചുമതലവേണമെന്ന തരൂരിന്റെ ആവശ്യം തള്ളിയതും അഭിപ്രായ ഭിന്നതയ്ക്ക് കാരണമായി. ദേശീയ നേതൃത്വം നിരന്തരമായി അവഗണിക്കുന്നുവെന്നായിരുന്നു തരൂരിന്റെ പരാതി.